കള്ളിൽ കഫ് സിറപ്പ് കണ്ടെത്തിയ സംഭവം: ഷാപ്പുകളിൽ പരിശോധന ശക്തമാക്കി എക്സൈസ്

കള്ളിൽ വീര്യം കൂട്ടാൻ പല രീതിയിൽ മായം ചേർക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കഫ് സിറപ്പ് ഉപയോഗിക്കുന്നത് അപൂർവ്വമാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്
കള്ളിൽ കഫ് സിറപ്പ് കണ്ടെത്തിയ സംഭവം: ഷാപ്പുകളിൽ പരിശോധന ശക്തമാക്കി എക്സൈസ്
Published on

പാലക്കാട് ചിറ്റൂരിൽ കള്ളിൽ കഫ് സിറപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഷാപ്പുകളിൽ പരിശോധന ശക്തമാക്കി എക്സൈസ്. കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിലാണ് കളളിൽ കഫ് സിറപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് പാലക്കാട് ജില്ലയിൽ പരിശോധന കർശനമാക്കിയത്.


2024 സെപ്തംബർ എട്ടിന് ചിറ്റൂർ മേഖലയിലെ അഞ്ച് കളള് ഷാപ്പുകളിൽ നിന്നും ശേഖരിച്ച സാമ്പിളിന്റെ രാസ പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് കഫ് സിറപ്പിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കുറ്റിപ്പള്ളത്തെ TSഅൻപത്തിയൊമ്പതാം നമ്പർ ഷാപ്പിൽ നിന്നും വണ്ണാമടയിലെ TSമുപ്പത്തിയാറാം നമ്പർ ഷാപ്പിൽ നിന്നും ശേഖരിച്ച സാമ്പിളിലാണ് കഫ് സിറപ്പായ ബെനാഡ്രിലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ചിറ്റൂർ ആറാംപാടം സ്വദേശി ശിവരാജന്റെ ഉടമസ്ഥതയിലാണ് രണ്ട് ഷാപ്പുകളും പ്രവർത്തിക്കുന്നത്. സംഭവത്തിൽ ലൈസൻസിക്കെതിരെയും, കളള് ഷാപ്പ് ജീവനക്കാരായ രാജു, വിനോദ് എന്നിവർക്കെതിരെയും എക്‌സൈസ് കേസെടുത്തു. ഷാപ്പിൻ്റെ ലൈസൻസും സസ്പെൻഡ് ചെയ്തു.



കൊച്ചിയിലെ രാസ പരിശോധനാ ലാബിലാണ് കളളിന്റെ ഗുണനിലവാരം പരിശോധിച്ചത്. ലഹരി കൂട്ടുന്നതിന് കളളിൽ കഫ് സിറപ്പ് ചേർത്തതാണോയെന്നാണ് സംശയിക്കുന്നത്. ഇതിന് പുറമെ മാനസികാരോഗ്യ ചികിത്സക്കായും മറ്റും ഉപയോഗിക്കുന്ന ഡയസെപാമിന്റെ സാന്നിധ്യവും കണ്ടെത്തി. കളളിലെ ബെനാഡ്രിലിന്റെ സാന്നിധ്യം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. കള്ളിൽ വീര്യം കൂട്ടാൻ പല രീതിയിൽ മായം ചേർക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കഫ് സിറപ്പ് ഉപയോഗിക്കുന്നത് അപൂർവ്വമാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com