
സിനിമാ ലൊക്കേഷനുകളിലെ ലഹരി പരിശോധന വീണ്ടും ആരംഭിക്കാൻ ഒരുങ്ങി എക്സൈസ്. ഇതിനെ സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ സിനിമാ ലൊക്കേഷനുകളിലുണ്ടായിരുന്ന ലഹരി പരിശോധനകൾ സിനിമ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നിർത്തിയിരുന്നു.
ഓംപ്രകാശ് ലഹരിക്കേസിലെ സിനിമ സാന്നിധ്യമാണ് പുതിയ പരിശോധന വീണ്ടും തുടങ്ങാൻ എക്സൈസ് ആലോചിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലും മലയാള സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലഹരി ഉപയോഗത്തെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നു. കൃത്യമായ മാർഗ്ഗരേഖ തയ്യാറാക്കിയ ശേഷമാകും ലൊക്കേഷനുകളിൽ പരിശോധന ആരംഭിക്കുക.
അതേസമയം, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിന്നാണ് ഓം പ്രകാശിനെയും കൂട്ടാളിയായ ഷിഹാസിനെയും പിടികൂടിയത്. നാല് ലിറ്റർ വിദേശമദ്യവും കൊക്കയിന്‍ പൗഡറും ഇവരില്‍ നിന്ന് കൊച്ചി ഡാൻസാഫ് ടീമും മരട് പോലീസും ചേർന്ന് പിടിച്ചെടുത്തിരുന്നു. ഓം പ്രകാശിനെ പിടികൂടിയ ആഡംബര ഹോട്ടലിൽ യുവസിനിമാതാരങ്ങളും ഉണ്ടായിരുന്നു എന്നായിരുന്നു കണ്ടെത്തൽ.