EXCLUSIVE | 'മൃദംഗനാദം മൃദംഗവിഷൻ' പരിപാടിയുടെ പേരിൽ വ്യാപക പണപ്പിരിവ്; സംഘാടകർ പിരിച്ചത് ഒരു കോടിയിലധികം രൂപ

കാഴ്ച്ചക്കാർക്ക് 140 മുതൽ 300 രൂപയുടെ വരെ ടിക്കറ്റും ആവശ്യമായിരുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ് ബിജി ന്യൂസ് മലയാളത്തോട് പറഞ്ഞു
EXCLUSIVE | 'മൃദംഗനാദം മൃദംഗവിഷൻ' പരിപാടിയുടെ പേരിൽ വ്യാപക പണപ്പിരിവ്; സംഘാടകർ പിരിച്ചത് ഒരു കോടിയിലധികം രൂപ
Published on

'മൃദംഗനാദം മൃദംഗവിഷൻ' പരിപാടിയുടെ പേരിൽ നടന്നത് വ്യാപക പണപ്പിരിവെന്ന് കണ്ടെത്തൽ. ഒരു കോടിയിലധികം രൂപയാണ് സംഘാടകർ പിരിച്ചത്. ഒരു കുട്ടിയിൽ നിന്ന് 2000 രൂപ പിരിച്ചു. അങ്ങനെ 12000 കുട്ടികളിൽ നിന്നായി പണം പിരിച്ചു. ഇതിന് പുറമേ വ്യാപാര സ്ഥാപനങ്ങളായ കല്യാൺ സിൽക്ക്സ്, ജോയ് ആലുക്കാസ് തുടങ്ങി നിരവധി വ്യവസായികളുടെ പരസ്യവും പരിപാടിക്ക് ലഭിച്ചിട്ടുണ്ട്. കാഴ്ച്ചക്കാർക്ക് 140 മുതൽ 300 രൂപയുടെ വരെ ടിക്കറ്റും ആവശ്യമായിരുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ് ബിജി ന്യൂസ് മലയാളത്തോട് പറഞ്ഞു.

വേദിയിൽ ഉമ തോമസ് വീണ പരുക്കേറ്റതിനെ തുട‍ർന്ന് നടത്തിയ അന്വേഷണത്തിൽ അപകടത്തിൽ സംഘാടകർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. ഉറപ്പുള്ള ബാരിക്കേഡുകൾ അടക്കം സ്ഥാപിച്ചില്ലെന്നും ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് എഫ്ഐആ‍ർ രജിസ്റ്റർ ചെയ്തു. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും കേസെടുത്തു. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാവും വിധമുള്ള പ്രവർത്തി ചെയ്തത്തിനാണ് കേസ് (BNS125). കേരളത്തിലെ പൊലീസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

അതേസമയം, ഉമ തോമസ് എംഎൽഎയുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്. ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റി. കോട്ടയത്ത് നിന്നുള്ള വിദഗ്ധ സംഘം റിനൈ മെഡിസിറ്റിയിലെത്തി. 24 മണിക്കൂർ നിരീക്ഷണം വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com