
അന്തരിച്ച ആക്ടിവിസ്റ്റും ഡൽഹി സർവകലാശാല മുൻ അധ്യാപകനുമായ ജി.എൻ. സായിബാബയുടെ മൃതദേഹം പ്രൊഫസർ സായിബാബയുടെ ശരീരം ഹൈദരാബാദ് ഗാന്ധി മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിന് കൈമാറി. ഇന്ന് ഹൈദരാബാദിലെ ജവഹർ നഗറിലെ സഹോദരൻ്റെ വീട്ടിൽ പൊതുദർശനം നടത്തിയതിന് ശേഷമാണ് സായിബാബയുടെ മൃതദേഹം ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിക്ക് കൈമാറിയത്. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരമാണ് സായിബാബയുടെ മൃതദേഹം ആശുപത്രിക്ക് നൽകുന്നതെന്നും കുടുംബം പ്രസ്താവന പുറത്തിറക്കി. കണ്ണുകൾ നേരത്തെ എൽവി പ്രസാദ് കണ്ണാശുപത്രിയിലേക്ക് ദാനം ചെയ്തതായും കുടുംബം അറിയിച്ചു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പൂർ സെൻട്രൽ ജയിലിൽ പത്ത് വർഷത്തോളം തടവിലായിരുന്ന അദ്ദേഹം, കടുത്ത നിയമ പോരാട്ടത്തിലൂടെയാണ് ജയിൽ മോചിതനായത്. ഏഴ് മാസം മുന്‍പ്, മാർച്ച് ഏഴിനാണ് സായിബാബ കേസില്‍ കുറ്റവിമുക്തനായത്. ഭരണകൂടത്തിൻ്റെ നീതി നിഷേധങ്ങളോട് പൊരുതിയാണ് സായിബാബ 57-ാം വയസിൽ മരണത്തിന് മുന്നിൽ കീഴടങ്ങിയത്. പോളിയോ ബാധിച്ച് ശരീരത്തിൻ്റെ 90 ശതമാനവും തളർന്ന് വീൽചെയറിൻ്റെ സഹായത്തോടെയാണ് സായിബാബ സഞ്ചരിച്ചിരുന്നത്.
ALSO READ: ജി. എന്‍. സായിബാബ അന്തരിച്ചു
വിചാരണ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് സായിബാബ സമർപ്പിച്ച അപ്പീലില്‍ നീണ്ട കാലത്തെ ജയിൽ വാസത്തിന് ശേഷം ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി എസ്എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് സായിബാബയുടെ ജീവപര്യന്തം തടവ് റദ്ദാക്കുകയായിരുന്നു.