
ഇ വൈ കമ്പനിക്കെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തലുമായി മുൻജീവനക്കാരൻ. ഉറക്കമില്ലായ്മയും മറ്റു ബുദ്ധിമുട്ടുകളും മൂലം തൻറെ കിഡ്നി തകരാറിലായി. കമ്പനിയിൽ ജോലി ആരംഭിച്ച് മൂന്നുവർഷത്തിനു ശേഷമാണ് രോഗലക്ഷണങ്ങൾ ആരംഭിച്ചതെന്നും മുൻ ജീവനക്കാരൻ ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തി.
ഇവൈയുടെ കൊച്ചി ശാഖയിൽ ഏഴു വർഷം ജോലി ചെയ്തു. ഒരു നിമിഷം പോലും വിശ്രമമില്ലാത്ത രീതിയിൽ ജോലി സമ്മർദം ഉണ്ടായിരുന്നു. ഷിഫ്റ്റുകൾ അവസാനിച്ചാലും ജോലി അവസാനിച്ചിരുന്നില്ല. മൂന്നു വർഷത്തിനു ശേഷം രോഗലക്ഷണങ്ങൾ ആരംഭിച്ചു. ജോലിയിൽ നിന്ന് സ്വരൂപിച്ചിരുന്ന പണം മുഴുവൻ ആശുപത്രിയിൽ ചെലവാക്കേണ്ട സ്ഥിതിയിലായി. മുൻ ജീവനക്കാരൻ പറഞ്ഞു
2018ൽ ഗർഭിണിയായ സഹപ്രവർത്തകയ്ക്ക് വർക്ക് ഫ്രം ഹോം നിഷേധിക്കുന്ന അവസ്ഥയുണ്ടായി. ഒന്നര മാസത്തോളം അവധി ലഭിക്കാതെ തുടർച്ചയായി ജോലി ചെയ്യേണ്ട സ്ഥിതി വന്നു. ജോലി സംബന്ധമായുള്ള മാനസിക പീഡനങ്ങൾ നിരന്തരമായിരുന്നു. ആഭ്യന്തര കമ്മിറ്റിയിൽ പരാതി നൽകിയാലും നടപടി സ്വീകരിച്ചിരുന്നില്ല. 100 ൽ 10 ടീമുകളിലാണ് ഈ അവസ്ഥ ഉണ്ടായിരുന്നത്. അതുകൊണ്ട് ഈ പരാതികളൊന്നും പരിഹരിക്കപ്പെടുന്നില്ല. എല്ലാ കോർപറേറ്റ് ഓഫീസുകളിലും സമാന സാഹചര്യം നിലനിൽക്കുന്നുണ്ട്- മുൻ ജീവനക്കാരൻ വെളിപ്പെടുത്തി.
കഴിഞ്ഞ ജൂലൈ ഇരുപതിനാണ് കൊച്ചി സ്വദേശിയായ അന്നാ സെബാസ്റ്റ്യൻ പൂനെയിലെ താമസസ്ഥലത്ത് വച്ച് കുഴഞ്ഞുവീണ് മരിച്ചത്. അന്നയുടെ മരണകാരണം ജോലി സമ്മർദമെന്നാരോപിച്ച് അമ്മ അനിത അഗസ്റ്റിൻ ഇവൈ കമ്പനി മേധാവി രാജീവ് മേമാനിക്ക് തുറന്ന കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുൻ ജീവനക്കാരൻ്റെ വെളിപ്പെടുത്തൽ.