
മാഞ്ചസ്റ്റർ സിറ്റി മുൻ താരം മിഖയേൽ കവലാഷ്വിലി ജോർജിയൻ പ്രസിഡൻ്റാകും. 1995-96 കാലഘട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കറായിരുന്ന മിഖയേൽ 2016ലാണ് ജോർജിയൻ ഡ്രീം പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. 2022ൽ പുതിയ പാർട്ടി രൂപീകരിച്ച മിഖയേൽ, പാശ്ചാത്യ രാജ്യങ്ങളുടെ നിശിത വിമർശകനായിരുന്നു.
ജോർജിയയിൽ പുതിയ പ്രസിഡൻ്റായി ഭരണമേൽക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി താരമായിരുന്ന മിഖയേൽ കവലാഷ്വിലി. തൻ്റെ ഫുട്ബോൾ കരിയറുമായി മുന്നോട്ട് പോയ മിഖയേൽ, ജോർജിയൻ ഫുട്ബോൾ ഫെഡറേഷൻ്റെ തലപ്പത്ത് എത്താൻ സാധിക്കാത്തതിനെ തുടർന്നാണ് രാഷ്ട്രീയത്തിലേക്ക് തിരിയുന്നത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കായിക തലപ്പത്തേക്കുള്ള യാത്ര തടയപ്പെട്ടത്. എന്നാൽ അതേ മിഖയേലാണ് ഇന്ന് രാജ്യത്തിൻ്റെ പരമോന്നത പദവിയിൽ എത്തിയിരിക്കുന്നത്.
2016ൽ ജോർജിയൻ ഡ്രീം പാർട്ടിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. അതേ വർഷം തന്നെ പാർലമെൻ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 2022ൽ ജോർജിയൻ ഡ്രീ പാർട്ടി ഉപേക്ഷിച്ച താരം പീപ്പിൾസ് പവർ പാർട്ടിയുടെ സഹ സ്ഥാപകനായി. ഇത്തവണ പ്രസിഡൻ്റ് സ്ഥാനാർഥിയായി നാമനിർദേശം ചെയ്തതാകട്ടെ, ജോർജിയൻ ഡ്രീം പാർട്ടി തന്നെയും. ഇലക്ടറൽ കോളജ് സംവിധാനത്തിലൂടെ ജോർജിയൻ പ്രസിഡൻ്റ് സ്ഥാനത്തെത്തുന്ന ആദ്യത്തെ വ്യക്തിയാകും മിഖയേൽ.
225 അംഗ ഇലക്ടറൽ കോളജിൽ 224 വോട്ടുകൾ നേടിയാണ് താരം പ്രസിഡൻ്റ് സ്ഥാനം ഉറപ്പിച്ചത്. ഇതോടെ, സലോമി സൗര ബിച്വേലിയുടെ പിൻഗാമിയായി 53കാരനായ ഈ മുൻ ഫുട്ബോൾ താരം. ആറ് വർഷമാണ് ജോർജിയയിൽ പ്രസിഡൻ്റിൻ്റെ കാലാവധി. അതേ സമയം പാർലമെൻ്റിന് പുറത്ത് പ്രതിഷേധം തുടരുകയാണ്. താരത്തിന് ഉന്നത വിദ്യാഭ്യാസ യോഗ്യതയില്ലെന്നതാണ് വിമർശനത്തിന് വഴിയൊരുക്കുന്നത്. ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഫുട്ബോളുകളുമായാണ് പ്രതിഷേധക്കാർ പാർലമെൻ്റിന് പുറത്ത് സംഘടിച്ചത്.
ഒക്ടോബർ 26ന് നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രാജ്യം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഭൂരിപക്ഷം നേടി ജോർജിയൻ ഡ്രീം പാർട്ടി നയിക്കുന്ന സഖ്യം അധികാരം ഉറപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷവും പ്രസിഡൻ്റും വ്യക്തമാക്കിയതോടെ പ്രതിഷേധങ്ങൾക്ക് തുടക്കമായി. തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം. തുടർന്ന് നടന്ന പാർലമെൻ്റ് സമ്മേളനങ്ങളും പ്രതിപക്ഷം ബഹിഷ്കരിച്ചു. യൂറോപ്യൻ യൂണിയൻ അംഗത്വം 2028 വരെ നിർത്തിവച്ചതോടെ പാർലമെൻ്റിന് പുറത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.