
ഉരുൾപൊട്ടിയ കോഴിക്കോട് വിലങ്ങാട് മലയോരത്ത് ശാസ്ത്രീയ പഠനത്തിനായി വിദഗ്ധ സംഘം അടുത്തയാഴ്ച എത്തും. റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും സർക്കാർ ജനങ്ങളുടെ പുനരധിവാസം തീരുമാനിക്കുക. ഉരുൾ പൊട്ടിയ സ്ഥലങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും, വനം മന്ത്രി എ.കെ. ശശീന്ദ്രനും സന്ദർശനം നടത്തി.
ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും വയനാട്ടിലേതിന് സമാനമായ ദുരന്തമാണ് കോഴിക്കോട് വിലങ്ങാടും ഉണ്ടായത്. ജാഗ്രത പാലിച്ചതിനാൽ ആളപായം ഒഴിവാക്കാനായി. ഒന്നിന് പിന്നാലെ മറ്റൊന്നായി ഒമ്പത് തവണയാണ് ഇവിടെ ഉരുൾ പൊട്ടിയത്. മുന്നൂറിലേറെ വൈദ്യുതി തൂണുകളാണ് അപകടത്തിൽ തകർന്നത്. നിരവധി ട്രാൻസ്ഫോമറുകൾ ഒലിച്ചുപോയി. മേഖലയിലെ റോഡുകൾ തകർന്നു. നിരവധി പാലങ്ങൾ ഒലിച്ചു പോയി. ഇതോടെ മലയോരമേഖലയുമായുള്ള ബന്ധം പൂർണമായും നിലച്ചു.
പുഴയോരത്തെ കാർഷിക വിളകൾ പൂർണമായി നശിച്ചിട്ടുണ്ട്. വീടുകൾ, കടകൾ, വായനശാലകൾ, കുരിശുപള്ളി എന്നിങ്ങനെ ഒരു പ്രദേശം തന്നെ ഇല്ലാതായി. നാശനഷ്ടങ്ങളുടെ കണക്കുകൾ വിവിധ വകുപ്പുകൾ ശേഖരിച്ചു വരികയാണ്. ഒൻപത് തവണയായി ഉണ്ടായ ഉരുൾപൊട്ടലിൽ 15 വീടുകൾ ഒലിച്ചുപോയിട്ടുണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നാൽപതിലധികം വീടുകൾ നശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 185 കുടുംബങ്ങളിലായി 900 ത്തോളം പേരാണ് 4 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. ക്യാമ്പുകളിൽ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി വിദ്യാർഥികളുടെ പഠനം എളുപ്പമാക്കേണ്ടതുണ്ട്. ശാസ്ത്രീയ പഠനം നടത്തി പുനരധിവാസത്തിൽ യുക്തിസഹവും ശാസ്ത്രീയവുമായ നിലപാടെടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഉരുൾ പൊട്ടിയ സ്ഥലങ്ങളും, ദുരിതാശ്വാസ കേന്ദ്രവും, മഞ്ഞക്കുന്ന് അൽഫോൺസ പള്ളിയും സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
പുറത്തറിഞ്ഞതിലും വലുതാണ് ദുരന്തത്തിൻ്റെ വ്യാപ്തിയെന്ന് വിലങ്ങാട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. ശാസ്ത്രീയ പഠനത്തിനായി ജിയോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, ഡിസാസ്റ്റർ മാനേജ്മെൻ്റിന് കീഴിലുള്ള ഹസാഡ് അനാലിസ്റ്റ് എന്നിവരുടെ സംഘമാണ് സ്ഥലത്തെത്തുക. ഇവരുടെ റിപ്പോർട്ട് പ്രകാരമായിരിക്കും പ്രദേശത്ത് പുനരധിവാസം സാധ്യമാകുമോയെന്ന് തീരുമാനിക്കുക എന്നതാണ് ലഭ്യമാകുന്ന വിവരം.