മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പോ? വ്യാജപ്രചരണങ്ങള്‍ക്ക് ചെവികൊടുക്കുംമുന്‍പ്...

കൊവിഡ് കാലത്ത് ആടിനെയും കോഴിയേയും വിറ്റ കാശ് വരെ സിഎംഡിആര്‍എഫിലേക്ക് സംഭാവനയായി നല്‍കിയ ആളുകളുള്ള നാടാണ് കേരളം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പോ? വ്യാജപ്രചരണങ്ങള്‍ക്ക് ചെവികൊടുക്കുംമുന്‍പ്...
Published on

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാം എന്നാണ് സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന അറിയിപ്പ്. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവനയായി നല്‍കാമെന്ന്, മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള വ്യാജപ്രചരണങ്ങള്‍ വീണ്ടും സജീവമാകുന്ന സാഹചര്യത്തിലാണ് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍.

ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവന സര്‍ക്കാര്‍ അധികൃതര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയാണെന്നും, സിഎംഡിആര്‍എഫിലേക്ക് പണം നല്‍കുന്നത് നിര്‍ത്തണമെന്നും സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് പണം നല്‍കണം എന്നുമൊക്കയാണ് പ്രചരണങ്ങള്‍. 2018ലും 19ലും കേരളം മഹാപ്രളയം നേരിട്ട സമയത്തും കൊവിഡ് മഹാമാരിയുടെ സമയത്തും ആവശ്യക്കാരിലേക്ക് സഹായം എത്തിക്കാന്‍ ഇത്തരത്തില്‍ സിഎംഡിആര്‍എഫിലേക്ക് പണം നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. അന്നും ഇത്തരത്തില്‍ പ്രചരണം വന്നിരുന്നു. എന്നാല്‍, ആടിനെയും കോഴിയേയും വിറ്റും, പെന്‍ഷന്‍ കാശും, കുടുക്ക പൊട്ടിച്ചുമൊക്കെ സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കാന്‍ ഒരുമിച്ചു നിന്നവരാണ് മലയാളികള്‍. അങ്ങനെയാണ് കേരളം ഓരോ പ്രതിസന്ധിയെയും അതിജീവിച്ചത്. ഈ സാഹചര്യത്തില്‍ സിഎംഡിആര്‍എഫ് ഫണ്ടിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും അറിഞ്ഞിരിക്കാം.

എന്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി?

പ്രളയം, കടല്‍ ക്ഷോഭം, ഉരുള്‍പൊട്ടല്‍, തീപിടിത്തം തുടങ്ങി സമൂഹത്തില്‍ നടക്കുന്ന വിവിധങ്ങളായ ദുരന്തങ്ങള്‍ ബാധിക്കുന്ന വ്യക്തികളെ സഹായിക്കുന്നതിനായി സ്വരൂപിക്കുന്ന പൊതു ഫണ്ട് ആണ് സിഎംഡിആര്‍എഫ്. മാരകമായ അസുഖം ബാധിച്ചവര്‍ക്കും ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കുമൊക്കെയാണ് പണം അനുവദിക്കുക.

ചീഫ് മിനിസ്‌റ്റേഴ്സ് ഡിസ്ട്രസ് റിലീഫ് ഫണ്ട് (സിഎംഡിആര്‍എഫ്) എന്ന് പേരിട്ടിരിക്കുന്ന സംവിധാനം പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. സിഎംഡിആര്‍എഫിലേക്ക് ബാങ്ക് അക്കൗണ്ട് വഴി മാത്രമാണ് പണത്തിന്റെ വിനിമയം നടക്കുക.

ആര്‍ക്കൊക്കെ എങ്ങനെയൊക്കെ പണം നല്‍കാം?

ദുരിതബാധിതരെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ എത്ര ചെറിയ തുകയാണെങ്കിലും സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കാം. ഇതിനായി വെബ്‌സൈറ്റില്‍ വ്യക്തിഗതമായി പണം നല്‍കുന്നതിനും ഗ്രൂപ്പ് ഡൊണേഷനും പ്രത്യേക പേയ്‌മെന്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ബാക്ക് അക്കൗണ്ട് വഴി സുതാര്യമായ സംവിധാനം വഴി മാത്രമേ പണം നല്‍കാന്‍ സാധിക്കുകയുള്ളു. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി മെയിന്‍ ബ്രാഞ്ച്, തിരുവനന്തപുരം എന്നിവിടങ്ങളിലായുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കും വിവിധ ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ പൂള്‍ അക്കൗണ്ടുകളിലേക്കുമായിരിക്കും വരിക. ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വേണ്ടിയാണ് പൂള്‍ അക്കൗണ്ടുകള്‍ ആരംഭിച്ചത്.

ഏതൊക്കെ വിനിമയ ഉപാധികള്‍ സ്വീകരിക്കാം ?

ഡൊമസ്റ്റിക് വിസ, മാസ്റ്റര്‍, റൂപേ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ്ങ്, അന്താരാഷ്ട്ര കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പണം നല്‍കാം. യുപിഐ ഐഡി/ക്യൂആര്‍ വിപിഎ ബേസ്ഡ് ഡൊണേഷന്‍, വാലറ്റ്‌സ്, മൊബൈല്‍ ബാങ്കിങ്ങ്, തുടങ്ങിയവ വഴിയും സിഎംഡിആര്‍എഫിലേക്ക് പണം നല്‍കാം.

സിഎംഡിആര്‍എഫിലേക്ക് വരുന്ന ഫണ്ടിന്റെ വിനിമയം

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കും ഫണ്ട് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇത് നിയന്ത്രിക്കുന്നത് റവന്യു വകുപ്പാണ്. അതുകൊണ്ട് തന്നെ സിഎംഡിആര്‍എഫിന്റെ ബാക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ധനകാര്യ സെക്രട്ടറിക്ക് തന്റെ ഇഷ്ടാനുസരണം പണം പിന്‍വലിക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കില്ല. റവന്യു സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കൂ.

ഓണ്‍ലൈന്‍ ആയി കൈകാര്യം ചെയ്യുന്ന സിഎംഡിആര്‍എഫ് പൂര്‍ണമായും സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ ലഭിച്ച തുകയുടെയും വിനിയോഗിച്ച തുകയുടെയും വിശദ വിവരങ്ങള്‍ സിഎംഡിആര്‍എഫ് ഗവണ്‍മെന്റ് ഓഫ് കേരള എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രളയം, കൊവിഡ് കാലത്തെ ഫണ്ട് വിനിമയം

2018-19 പ്രളയ സമയത്ത് സിഎംഡിആര്‍എഫിലേക്ക് 4970.29 കോടി രൂപയാണ് എത്തിയത്. പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍, സാലറി ചലഞ്ച്, ഫെസ്റ്റിവല്‍ അലവന്‍സ്, മദ്യവില്‍പ്പനയുടെ അധിക നികുതി, കെയര്‍ ഹോം പദ്ധതിക്കായി സംസ്ഥാന സഹകരണ വകുപ്പ് നല്‍കിയ പണം തുടങ്ങി എല്ലാം കൂടി ചേര്‍ത്തുള്ള തുകയാണിത്. ഇതില്‍ 2018ലെ അടിയന്തര സാമ്പത്തിക സഹായത്തിന് ഒരു കുടുംബത്തിന് 6200 രൂപ വെച്ച് 2367.66 കോടി രൂപ ചെലവാക്കിയതായി വെബ്‌സൈറ്റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

സമാനമായി ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കുള്ള സഹായം, പ്രളയ ബാധിതര്‍ക്ക് വീട് നിര്‍മിക്കുന്നതിന് കെയര്‍ ഹോം പ്രൊജക്ട് ഫണ്ട്, പുനര്‍ഗേഹം പദ്ധതി, കെഎസ്എഫ്ഇ ഷെല്‍ട്ടര്‍ഹോം തുടങ്ങി ഇതുവരെ 4724.83 കോടിയാണ് രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചത്. സമാനമായി കൊവിഡ് കാലത്ത് 1129.74 കോടി രൂപയാണ് സിഎംഡിആര്‍എഫിലേക്ക് വന്നത്. ഇതില്‍ 1058.22 കോടി രൂപ സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com