
അധിനിവേശ പലസ്തീന്‍ മേഖലയില്‍ ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതായി അന്താരാഷ്ട്ര നീതിന്യായ കോടതി. മേഖലയിലെ പ്രകൃതി വിഭവങ്ങളും കുടിയേറ്റ നയങ്ങളും ഇസ്രയേല്‍ ചൂഷണം ചെയ്തതായാണ് കോടതിയുടെ കണ്ടെത്തല്‍.
വെസ്റ്റ് ബാങ്ക്, ജെറുസലേം എന്നിവിടങ്ങളില്‍ അനധികൃത കുടിയേറ്റം നടത്തി ഇസ്രയേല്‍ സാന്നിധ്യം വർധിപ്പിച്ചത് ജനീവ കണ്‍വെന്‍ഷൻ്റെ ആര്‍ട്ടിക്കിള്‍ 49ൻ്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു അധിനിവേശ ശക്തിയെന്ന നിലയില്‍ ഇസ്രയേല്‍ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുകയാണെന്നും 15 ജഡ്ജിമാരടങ്ങിയ പാനല്‍ പറഞ്ഞു.
ഒരു മണിക്കൂര്‍ സമയമെടുത്താണ് അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡൻ്റ് നവാഫ് സലാം കോടതിയുടെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇസ്രയേലിൻ്റെ ഭാഗത്തു നിന്നും നിയമ സംഘം കോടതിയില്‍ ഹാജരായിരുന്നില്ല. കോടതി പരിഗണിക്കുന്ന ചോദ്യങ്ങള്‍ മുന്‍വിധിയോടു കൂടിയുള്ളതാണെന്നും ഇസ്രയേലിൻ്റെ അവകാശങ്ങളെ തിരിച്ചറിയാത്തതാണെന്നും എഴുതി സമര്‍പ്പിച്ച പ്രസ്താവനയില്‍ കോടതിയെ ഇസ്രയേല്‍ അറിയിച്ചു.
ഒക്‌ടോബറിലെ ഹമാസ് ആക്രമണത്തിനു ശേഷം ഗാസയില്‍ തുറന്ന യുദ്ധത്തിലാണ് ഇസ്രയേല്‍. 1967ലെ ആറു ദിന യുദ്ധത്തിനു ശേഷമാണ് ഇസ്രയേല്‍ ഗാസ സ്ട്രിപ്, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നീ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നത്. ഈ പ്രദേശങ്ങള്‍ സ്വതന്ത്രമായൊരു രാജ്യത്തിൻ്റെ ഭാഗമാണെന്നാണ് പലസ്തീൻ്റെ വാദം.
വെസ്റ്റ് ബാങ്കിനെ ഇസ്രയേല്‍ തര്‍ക്ക പ്രദേശമായാണ് കാണുന്നത്. ഇവിടേക്ക് ജനങ്ങളെ കുടിയേറ്റി പാര്‍പ്പിച്ചു കൊണ്ട് ഇസ്രയേല്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിരുന്നു. സമാനരീതിയില്‍ കിഴക്കന്‍ ജെറുസലേമിലും ഇസ്രയേല്‍ കുടിയേറ്റം നടന്നിട്ടുണ്ട്. എന്നാല്‍ ഇത് അന്താരാഷ്ട്ര സമൂഹത്തിൻ്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഗാസയില്‍ നിന്നും ഇസ്രയേല്‍ 2005ല്‍ പിന്‍വാങ്ങിയിരുന്നെങ്കിലും 2007ല്‍ പ്രദേശം ഹമാസിൻ്റെ അധീനതയില്‍ വന്നപ്പോള്‍ ഉപരോധം കൊണ്ടു വന്നിരുന്നു.
ഇതാദ്യമായല്ല അന്താരാഷ്ട്ര കോടതി ഇസ്രയേല്‍ നയങ്ങളില്‍ നിയമപരമായ അഭിപ്രായങ്ങള്‍ പറയുന്നത്. രണ്ട് ദശാബ്ദങ്ങള്‍ക്കു മുന്‍പ്, ഇസ്രയേല്‍ വെസ്റ്റ് ബാങ്കില്‍ അതിര്‍ത്തി നിര്‍മിച്ചപ്പോള്‍ അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.