ഇന്ത്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പാകിസ്ഥാന് പങ്കില്ലെന്ന് നടിക്കുന്നത് അവസാനിപ്പിക്കൂ: എസ്. ജയശങ്കർ

ഡച്ച് മാധ്യമമായ ഡെ വോൾസ്ക്രാന്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പാകിസ്ഥാന് പങ്കില്ലെന്ന് നടിക്കുന്നത് അവസാനിപ്പിക്കൂ: എസ്. ജയശങ്കർ
Published on

ഇന്ത്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഭീകരാക്രമണങ്ങളിൽ പാകിസ്ഥാന് പങ്കില്ലെന്നതായി നടിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. ഭീകരവാദ സംഘടനകളുമായി ബന്ധമില്ലെന്ന ഇസ്ലമാബാദിൻ്റെ വാദം എസ്. ജയശങ്കർ തള്ളി. ഡച്ച് മാധ്യമമായ ഡെ വോൾസ്ക്രാന്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപര പങ്കാളിയായ നെതർലാൻ്റുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ആംസ്റ്റർഡാമിലെത്തിയതായിരുന്നു എസ്. ജയശങ്കർ. ആംസ്റ്റർഡാം സന്ദർശനത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഡച്ച് മാധ്യമവുമായി സംസാരിക്കവെ 2022 ഡിസംബറിൽ മന്ത്രി നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യം ഉയർന്നു. പാകിസ്ഥാനെ ഭീകരവാദ കേന്ദ്രം എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ചോദ്യം.

ആംസ്റ്റർഡാമിൽ സർക്കാർ അറിയാതെ ഭീകരവാദ കേന്ദ്രങ്ങളുണ്ടാകുമോ എന്ന മറുചോദ്യത്തിലൂടെ എസ്. ജയശങ്കർ മാധ്യമത്തിന് മറുപടി നൽകി. "ആംസ്റ്റർഡാമിൻ്റെ ഹൃദയഭാഗത്ത് സൈനിക കേന്ദ്രങ്ങളുണ്ടെന്ന് കരുതുക, അവിടെ ആയിരക്കണക്കിനാളുകൾ പരിശീലനത്തിനായി എത്താറുണ്ടെന്ന് കരുതുക. അങ്ങനെയെങ്കിൽ സർക്കാരിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് നിങ്ങൾ പറയുമോ," എസ്. ജയശങ്കർ ചോദിച്ചു.


എന്താണ് സംഭവിക്കുന്നതെന്ന് പാകിസ്ഥാന് അറിയില്ലെന്ന വാദം ഇനിയും ഉയർത്തരുത്. ഐക്യരാഷ്ട്ര സഭ കുപ്രസിദ്ധ ഭീകരരുടെ പട്ടികയിൽപ്പെടുത്തിയ പലരും പാകിസ്ഥാനിലാണുള്ളത്. അവിടുത്തെ വലിയ വലിയ പട്ടണങ്ങളെല്ലാം പകൽ വെളിച്ചത്തിൽ പോലും ഇവരുടെ നിയന്ത്രണത്തിലാണ്. ഇവരുടെ പേരും വിലാസവും പ്രവർത്തികളുമെല്ലാം എല്ലാവർക്കുമറിയാം. ഇന്ത്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങളില്ലെല്ലാം പാകിസ്ഥാന് പങ്കുണ്ടെന്ന് ഊന്നിപ്പറഞ്ഞ എസ്. ജയശങ്കർ, ഇനിയും രാജ്യത്തിന് ഭീകരവാദത്തിൽ പങ്കില്ലെന്ന് നടിക്കുന്നത് അവസാനിപ്പിക്കാമെന്നും കൂട്ടിച്ചേർത്തു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക് സൈനിക മേധാവി അസീം മുനീറിൻ്റെ അതിതീവ്ര മത വീക്ഷണമായിരുന്നെന്ന് ഡച്ച് മാധ്യമമായ എൻഒഎസിനോട് സംസാരിക്കവെ എസ്. ജയശങ്കർ പറഞ്ഞിരുന്നു.

അതേസമയം ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. കിഷ്ത്വാർ ജില്ലയിലെ ചത്രോ സിംഗ്പോറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനിടെയാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട മറ്റ് രണ്ട് ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

'ഓപ്പറേഷൻ ട്രാഷി' എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന സംയുക്ത ഓപ്പറേഷനിലൂടെയാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്. ലോക്കൽ പൊലീസ് നൽകിയ വിവരങ്ങൾ അനുസരിച്ചാണ് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിച്ചത്. ഇപ്പോൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന തീവ്രവാദികൾ അടുത്തിടെ ഇതേ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട സംഘത്തിലെ അംഗങ്ങളാണെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com