കബളിപ്പിച്ചും സാമ്പത്തികമായി വഞ്ചിച്ചും ഭൂമി തട്ടിയെടുത്തു; അഭിഭാഷകയ്‌ക്കെതിരെ പരാതി നൽകി വയോധിക

ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയെങ്കിലും കേസെടുത്ത ഇരിങ്ങാലക്കുട പൊലീസ് അഭിഭാഷകയെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് ആരോപണം
കബളിപ്പിച്ചും സാമ്പത്തികമായി വഞ്ചിച്ചും ഭൂമി തട്ടിയെടുത്തു; അഭിഭാഷകയ്‌ക്കെതിരെ പരാതി നൽകി വയോധിക
Published on

തൃശൂരിൽ വയോധികയെ കബളിപ്പിച്ചും സാമ്പത്തികമായി വഞ്ചിച്ചും ഹൈക്കോടതി അഭിഭാഷക ഭൂമി തട്ടിയെടുത്തതായി പരാതി. പാലക്കാട് സ്വദേശിനി ശ്വേത ദിലിപീനെതിരെയാണ് ഇരിങ്ങാലക്കുട സ്വദേശിനി ഓമന രാഘവൻ്റെ പരാതി. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയെങ്കിലും കേസെടുത്ത ഇരിങ്ങാലക്കുട പൊലീസ് അഭിഭാഷകയെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് ആരോപണം.

ഇരിങ്ങാലക്കുട തിരുവെങ്കിടം സ്വദേശിയും 72 വയസുകാരിയുമായ ഓമന രാഘവന്റേതാണ് പരാതി. ഹൈക്കോടതി അഭിഭാഷകയായ ശ്വേത തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും അഞ്ച് സെന്റ് ഭൂമിയും മൂന്ന് ലക്ഷത്തോളം രൂപയും കവർന്നതായാണ് ഓമന പറയുന്നത്. ഗുരുവായൂരിലെ ഫ്ലാറ്റിൽ ഒറ്റക്ക് താമസിക്കുന്ന ഓമനയെ അതേ ഫ്ലാറ്റിലെ താമസക്കാരിയായിരുന്ന ശ്വേത പരിചയം മുതലാക്കിയാണ് കബളിപ്പിച്ചത്.

ഭർത്താവിന്റെ മരണശേഷം 15 സെന്റ് വസ്തുവിൽ രണ്ടര സെന്റ് വീതം മൂന്ന് പെൺമക്കൾക്കും ഓമന വീതം നൽകിയിരുന്നു. വാർദ്ധക്യ കാലത്ത് തന്നെ നോക്കാൻ ഇളയ മകൾ തയ്യാറാണെന്ന് അറിയിച്ചു. ഇതേ തുടർന്ന് ഓമനക്ക് സ്വന്തമായുള്ള ഏഴര സെൻ്റും മകളുടെ രണ്ടര സെന്റും ചേർത്ത് 10 സെന്റായി ഒന്നിച്ച് ഇരുവരുടെയും പേരിൽ സെറ്റിൽമെന്റ് ആധാരമായി രജിസ്റ്റർ ചെയ്തു. പിന്നീട് ഇളയ മകളും ഓമനയെ നോക്കാൻ തയ്യാറായില്ല. പരിചയക്കാരിയും അഭിഭാഷകയുമായ ശ്വേതയോട് ഇക്കാര്യങ്ങൾ അറിയിച്ചു. ഇതുപ്രകാരം കുടുംബ പ്രശ്നത്തിൽ ഇടപെട്ട ശ്വേത മകളിൽ നിന്ന് ഓമനയുടെ പേരിൽ ഭൂമി തിരികെ എഴുതി വാങ്ങി. ഇക്കാര്യങ്ങൾക്കെല്ലാം മൂന്ന് ലക്ഷം രൂപയോളം പ്രതിഫലവും വാങ്ങിയതിന് ശേഷം ഓമനയുടെ വസ്തു ശ്വേതയുടെ പേരിലാക്കിയാണ് തട്ടിപ്പ് നടത്തിയത്.

സംഭവത്തിൽ ഓമനയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുകയാണ്. ഇതിനിടയിൽ ശ്വേത മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഇരിങ്ങാലക്കുട ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. എന്നാൽ സംഭവങ്ങൾ ചൂണ്ടിക്കാട്ടി തൃശൂർ റൂറൽ എസ്പിക്കടക്കം പരാതി നൽകിയെങ്കിലും ഇതുവരെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ലെന്നും ഓമന പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com