
വിവാദ ട്രെയിനി ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്ക്കറുടെ പിതാവ് ദിലീപ് ഖേഡ്ക്കര്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ രണ്ടു തവണ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ. 2018ലും 2020ലുമാണ് ദിലീപ് ഖേഡ്ക്കറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
ദിലീപ് പണം തട്ടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 300 ചെറുകിട വ്യവസായികളാണ് പരാതി നല്‍കിയിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 2018ല്‍ കൊല്‍ഹാപൂര്‍ റീജ്യണല്‍ ഓഫീസറായിരുന്ന സമയത്ത് പ്രാദേശിക മരമില്ല് വ്യവസായികളുടെ സംഘടന ദിലീപിനെതിരെ പൊലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു. വൈദ്യുതി ജല വിതരണങ്ങള്‍ക്കായി ദിലീപ് 25000 മുതല്‍ 50000 രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. ഏഴു മാസത്തോളം ദിലീപ് അനുമതിയില്ലാതെ അവധിയെടുത്തിരുന്നുവെന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്.
പൊതുസ്ഥലത്ത് തോക്ക് ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തിയ കേസില്‍ പൂജയുടെ അമ്മ മനോരമ ഖേഡ്ക്കറും ദിലീപും ഒളിവിലാണ്. മുല്‍ഷിയില്‍ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കിടെ മനോരമ ഖേഡ്ക്കര്‍ തോക്കെടുത്ത് പ്രദേശത്തെ കര്‍ഷകരെ ഭയപ്പെടുത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വ്യാജരേഖ നല്‍കി സര്‍വീസില്‍ പ്രവേശിച്ചെന്ന ഗുരുതര ആരോപണത്തില്‍ നിയമ നടപടി നേരിടുകയാണ് പൂജ ഖേഡ്ക്കര്‍. ഇവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ഐഎഎസ് പരിശീലനം അവസാനിപ്പിച്ച് അക്കാദമിയില്‍ തിരികെയെത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്‍.