
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ പല ജില്ലകളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വയനാട് ജില്ലയിൽ മഴക്കെടുതി രൂക്ഷമാണ്. വയനാട്ടിലെ നദികളിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് ജില്ലയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. വള്ളിയൂർക്കാവ്, പനമരം ചെറിയ പുഴ, നൂൽപ്പുഴ പുഴ, കല്ലൂർ പുഴ, കള്ളാടിപ്പുഴ തുടങ്ങിയ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. വെണ്ണിയോട്, മണിയങ്കോട്, കോട്ടത്തറ, പനമരം-നടവയൽ റോഡ്, കേണിച്ചിറ-പുൽപ്പള്ളി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. മണിയങ്കോട്, വെണ്ണിയോട്, കോട്ടത്തറ എന്നിവിടങ്ങളിൽ വ്യാപകമായി കൃഷി നശിച്ചു.
മഴ കൂടുതൽ ശക്തമാവുകയാണെങ്കിൽ ബാണാസുര ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. ഷട്ടറുകൾ തുറന്നാൽ, പനമരം, കുപ്പാടിത്തറ, വള്ളിയൂർക്കാവ് പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലാവും. ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട് ആണ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധിയാണ്.
വയനാട് ജില്ലയില്‍ 26 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 300 കുടുംബങ്ങളിൽ നിന്നായി 1002 താമസക്കാരാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. മഴക്കെടുതിയിൽ, 127 ഹെക്ടര്‍ കൃഷി നശിച്ചു. 29 വീടുകളും തകര്‍ന്നു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, തൃശൂർ ജില്ലയില്‍ 11 ക്യാമ്പുകളാണ് തുറന്നത്. അഞ്ച് താലൂക്കുകളിലായാണ് നിലവില്‍ 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 54 കുടുംബങ്ങളാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 58.33 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. മഴക്കെടുതിയിൽ ജില്ലയിൽ 17 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. അതേസമയം, നിലവില്‍ പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട് ഡാമുകള്‍ തുറന്നു. പെരിങ്ങല്‍ക്കുത്തിൽ അഞ്ച് ഷട്ടറുകളും, പൂമലയിൽ നാലും, അസുരന്‍കുണ്ടിൽ മൂന്ന് ഷട്ടറുകളുമാണ് തുറന്നത്.
കോഴിക്കോടും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 8 ക്യാമ്പുകളാണ് ഇതുവരെ കോഴിക്കോട് തുറന്നത്. 77 ആളുകളാണ് 8 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. കണ്ണൂർ ജില്ലയിൽ 4 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളിലുള്ളത് 80 പേരാണ്. 71 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.