
പക്ഷാഘാതം സംഭവിച്ചവരെ മണിക്കൂറുകൾക്കകം ഭേദമാക്കുന്ന ചികിത്സ ലഭ്യമാണ്. 24 മണിക്കൂറിനകം രോഗികളെ മുംബൈയിലെ പരേലിലുള്ള കെഇഎം ആശുപത്രിയിലെത്തിച്ചാൽ 'ഓട്ടോമാറ്റിക് മെഷീൻ' ഉപയോഗിച്ച് രോഗം ഭേദമാക്കാം.ഈ ചികിത്സ ലഭ്യമാക്കിയ രാജ്യത്തെ ആദ്യ ആശുപത്രിയാണ് കെഇഎം. വാട്സ് ആപ്പ് വഴിയുള്ള ഈ പ്രചരണം സത്യമാണോ? എന്താകും യാഥാർഥ്യം.
സ്‌ട്രോക്കിനു ശേഷം പൂർവ്വസ്ഥിതി പ്രാപിക്കാൻ സാധിക്കുമെന്ന് മുൻപും പഠനങ്ങൾ വ്യക്തമാക്കിയതാണ്. എന്നാൽ തലച്ചോറിൽ കോശങ്ങൾ നശിച്ചതിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് റിക്കവറി സാധ്യമാകുക. സ്‌ട്രോക്കിൻറെ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനകം വിദഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ രോഗിയെ സുഖപ്പെടുത്താനാകൂ. സന്ദേശത്തിൽ പറയുന്ന മറ്റൊരു കാര്യം പക്ഷാഘാതം വന്ന രോഗിയുടെ തലയിലെ ട്യൂമർ നീക്കം ചെയ്യാം എന്നാണ്. എന്നാൽ ട്യൂമർ എന്ന് പറയുന്നത് മറ്റൊരു രോഗാവസ്ഥയാണ്. സങ്കീർണ ശസ്ത്രക്രിയയിലൂടെ മാത്രമേ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാൻ കഴിയു.
മുംബൈയിലെ കെഇഎം ആശുപത്രിയിൽ ഇത്തരത്തിലൊരു സംവിധാനമുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. അന്വേഷണത്തിൽ 2018 ഒക്ടോബർ 11-ന് ദി ഹിന്ദു പ്രസിദ്ധീകരിച്ച വാർത്തയിൽ ആശുപത്രിയിൽ ഒക്ടോബർ 10-ന് സ്‌ട്രോക്ക് സെന്ററ് ഉദ്ഘാടനം ചെയ്തതായി റിപ്പോർട്ടുണ്ട്. പക്ഷാഘാത രോഗികൾക്ക് വേഗത്തിൽ ചികിത്സ ഉറപ്പാക്കുക എന്നതാണ് സെന്ററ്ന്റെ ലക്ഷ്യം. ഇതിനായി ബൈപ്ലെയ്ൻ ഡി.എസ്.എ. ന്യൂറോ മെഷീൻ സ്ഥാപിച്ചതായും വാർത്തയിൽ പറയുന്നുണ്ട്. പക്ഷാഘാതത്തിന്റെ കൂടുതൽ വ്യക്തമായ ചിത്രം ലഭ്യക്കുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കാനും സഹായിക്കുന്നതാണ് മെഷിൻ. ഈ വിവരങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. അതായത് 24 മണിക്കൂറിനകം രോഗിയെ ആശുപത്രിയിലെത്തിച്ചാൽ 'ഓട്ടോമാറ്റിക് മെഷീൻ' വഴി സുഖപ്പെടുത്താമെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.