
ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാളിനെ അടുത്ത കേരള നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിപ്പിക്കും. പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിൽ കെജ്‍രിവാളിന് സീറ്റ് നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വാർത്തയ്ക്ക് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ? എന്താകും വാർത്തയുടെ വസ്തുത.
'കെജ്‍രിവാളിന് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പാർട്ടി ശക്തികേന്ദ്രത്തിൽ സീറ്റ് നൽകും' എന്ന് എം.വി .ഗോവിന്ദൻ പറഞ്ഞു എന്നാണ് പോസ്റ്റിലുള്ളത്. ടി 21 മീഡിയ എന്ന ഓൺലൈൻ ചാനലിന്റെ പേരിലാണ് വാർത്ത പ്രചരിക്കുന്നത്. എന്നാൽ മീഡിയയുടെ ഫെയ്‌സ്ബുക് പേജ് പരിശോധിച്ചപ്പോൾ ഇങ്ങനെയൊരു വാർത്ത ചാനൽ നൽകിയിട്ടില്ലെന്ന് വ്യക്തമായി.
2025 ജനുവരി 13 ആണ് പ്രചരിക്കുന്ന വാർത്താകാർഡിലെ തീയതി. അന്നേദിവസം പി.വി. അൻവറിനെതിരായി ഗോവിന്ദൻ പറഞ്ഞ വാർത്താ കാർഡിലെ വാക്കുകൾ എഡിറ്റ് ചെയ്താണ് കെജ്‍രിവാളിന് സീറ്റ് നൽകും എന്ന രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി.
മാത്രവുമല്ല എം.വി .ഗോവിന്ദൻ ഇത്തരത്തിലൊരു പരസ്യ പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിൽ ഇതിനോടകം തന്നെ മാധ്യമങ്ങളിൽ അത് വാർത്തയാക്കേണ്ടതാണ്. അത്തരത്തിലുള്ള വാർത്തകൾ ഒരു ചാനലും റിപ്പോർട്ട് ചെയ്തിട്ടില്ല. സിപിഎമ്മിന്റെയോ, എം.വി. ഗോവിന്ദന്റെയോ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഇങ്ങനെയൊരു പ്രഖ്യാപനത്തെക്കുറിച്ചുള്ള പോസ്റ്റുകളില്ല. അതായത്, കെജ്‍രിവാളിനെ കേരളത്തിൽ സിപിഎം മത്സരിപ്പിക്കുമെന്ന പ്രചരണം വ്യാജമാണ്.