
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ പിടിയിലായ വ്‌ളോഗർ ജ്യോതി മൽഹോത്ര കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. "വിത്ത് ദി യൂട്യൂബർ സ്പൈ, എല്ലാ രാജ്യദ്രോഹികളും അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുന്നത് എന്തുകൊണ്ടാണ്? രാഹുൽ ഗാന്ധിക്കെതിരെ പരാതി ഫയൽ ചെയ്യണം" എന്നൊക്കെയാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. ഇതിന്റെ വസ്തുത പരിശോധിക്കാം.
ആദ്യം നൽകിയിരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ സമാന രീതിയിലുള്ള ചിത്രങ്ങളും വാർത്തകളും ലഭിച്ചു. 2018 മാർച്ച് ഏഴിന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച വാർത്തയിൽ രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്നത് യൂട്യൂബർ ജ്യോതി മൽഹോത്രയല്ല. മറിച്ച് ഉത്തർപ്രദേശ് എംഎൽഎ അദിതി സിങ്ങാണ്. ഈ ഫോട്ടോ എഡിറ്റ് ചെയ്താണ് ജ്യോതി മൽഹോത്രയ്‌ക്കൊപ്പം രാഹുൽ ഗാന്ധി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
രണ്ടാമത്തെ ചിത്രത്തിലുള്ളത് ജ്യോതി മൽഹോത്ര അല്ലെന്ന് വ്യക്തമാണെങ്കിലും വസ്തുതയറിയാനായി നടത്തിയ പരിശോധനയിൽ 2022 സെപ്റ്റംബർ 18 ന് കോൺഗ്രസിന്റെ ഔദ്യോഗിക X ഹാൻഡിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ലഭിച്ചു. കേരളത്തിൽ നടത്തിയ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകയോടൊപ്പം നിന്നെടുത്ത ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. അതായത് പ്രചരിക്കുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തം.