
ഓപ്പറേഷൻ സിന്ദൂറിന് ശേഷം വിദേശ രാജ്യങ്ങളോട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനായുള്ള നയതന്ത്ര സംഘങ്ങളുടെ പര്യടനം തുടരുകയാണ്. കോൺഗ്രസ് എംപി ശശി തരൂർ നേതൃത്വം നൽകുന്ന സംഘം അമേരിക്കൻ സന്ദർശനത്തിനിടെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ചു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. എന്താണ് ഇതിൻ്റെ വസ്തുത.
മേയ് 25-നാണ് തരൂർ അമേരിക്ക സന്ദർശിച്ചത്. മറ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അവരുടെ രാജ്യത്ത് വന്ന് അഭിപ്രായം പറയുന്നത് ഉചിതമല്ല. എന്നാൽ മുൻ യുഎസ് പ്രസിഡന്റുമാരുമായി താരതമ്യപ്പെടുത്തുമ്പോൾ ട്രംപിന് അവരുടേത് പോലുള്ള മേന്മകൾ ഇല്ല എന്നാണ് തരൂർ വീഡിയോയിൽ പറയുന്നത്.
എന്നാൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നയതന്ത്ര സംഘത്തിന്റെ ഭാഗമായി പോയ തരൂർ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരുന്നെങ്കിൽ അത് വലിയ വാർത്തയായേനെ. അത്തരത്തിലുള്ള ഒരു റിപ്പോർട്ടും കണ്ടെത്താനായില്ല. തുടർന്ന് വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യ സൊസൈറ്റി എന്ന സംഘടനയുടെ യൂട്യൂബ് ചാനലിൽ 2024 സെപ്തംബർ 12ന് അപ്ലോഡ് ചെയ്ത ഒരു വീഡിയോ ലഭിച്ചു.
ജയ്പൂർ സാഹിത്യോത്സവം 2024 എന്നാണ് ഇതിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. 41 മിനുട്ട് 22 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയുടെ 12 മിനുട്ട് 36-ാം സെക്കന്റ് മുതലുള്ള ചെറിയൊരു ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതേ വീഡീയോ തരൂരും അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ റീഷെയർ ചെയ്തിട്ടുണ്ട്.
അതായത് അമേരിക്കൻ സന്ദർശനവേളയിൽ തരൂർ ട്രംപിനെതിരായ് ഒന്നും പറഞ്ഞിട്ടില്ല. യുഎസ് പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെടുന്നതിന് മുൻപുള്ള വീഡിയോയാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.