ജനുവരി 3നാണ് 'ഓപ്പറേഷന്‍ അബ്‌സൊല്യൂട്ട് റിസോള്‍വ്' ലൂടെ യുഎസ് സൈന്യം വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യ സിലിയ ഫ്‌ളോറസിനേയും കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കടത്ത് ആരോപിച്ചായിരുന്നു ട്രംപിൻ്റെ നടപടി. ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലുള്ള മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് മഡൂറോ ഇപ്പോള്‍ ഉള്ളത്. യുഎസ് സൈന്യം കീഴ്പ്പെടുത്തിയത് മുതൽ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നിക്കോളാസിനെ പിടികൂടിയത് ആഘോഷിക്കുന്ന വെനസ്വേലയിലെ ജനങ്ങൾ എന്ന രീതിയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ട്രൂത്ത് സോഷ്യലിൽ ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. ഇൻഫോവാർസിന്റെ സ്ഥാപകനായ അലക്സ് ജോൺസും വീഡിയോ പങ്കിട്ടുണ്ട് എന്താണ് ഇതിൻ്റെ വസ്തുത.
കീവേർഡ് പരിശോധനയിൽ ഇത് സംബന്ധിച്ച വാർത്തകൾ ഒന്നും കണ്ടെത്താനായില്ല. അതേസമയം ഫ്ലോറിഡയിലും ചിക്കാഗോയിലും ഉൾപ്പെടെയുള്ള ഇടങ്ങളിലെ വെനസ്വേലക്കാർ വാർത്തയിൽ ആശ്വാസം പ്രകടിപ്പിച്ചുവെന്നും എന്നാൽ വെനിസ്വേലയിലെ തെരുവുകൾ ഏറെക്കുറെ നിശബ്ദമായിരുന്നുവെന്നാണ് സ്വതന്ത്ര വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിഡിയോയിൽ നിന്നുള്ള കീഫ്രെയിമുകളെടുത്ത് പരിശോധിച്ചപ്പോൾ സമാനമായ ഒരുപാട് ദൃശ്യങ്ങൾ ലഭിച്ചു. ഇതിലെ ചില വീഡിയോകൾ പോസ്റ്റ് ചെയ്തത് 2024 ജൂലൈയിലാണ്. സ്ഥിരീകരണത്തിനായി നടത്തിയ പരിശോധനയിൽ വെനസ്വേലയിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് സമയത്ത് നടന്ന മഡൂറോ വിരുദ്ധ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണ് ഇതെന്നാണ് ബിബിസി വെരിഫൈയിലെ പത്രപ്രവർത്തകനായ ഷായാൻ സർദാരിസാദെ വ്യക്തമാക്കുന്നത്. അതായത് ദശലക്ഷക്കണക്കിന് വെനസ്വേലക്കാർ മഡൂറോ ഭരണകൂടത്തിന്റെ തകർച്ച ആഘോഷിക്കുകയാണെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.