സൺ-വേയ്‌സ് എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി റെയിൽവേ ട്രാക്കുകൾക്കിടയിൽ നീക്കം ചെയ്യാവുന്ന സോളാർ പാനലുകൾ സ്ഥാപിക്കുമെന്ന് അവകാശപ്പെടുന്ന പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള വലിയ മുന്നേറ്റമായിരിക്കും ഇതെന്നും, പദ്ധതി ട്രെയിൻ സർവീസുകൾക്ക് തടസമാകില്ലെന്നും അധിക ഭൂമി ആവശ്യമില്ലെന്നുമാണ് പോസ്റ്റുകളിലെ അവകാശവാദം.
കൂടാതെ പ്രതിവർഷം, ഒരു ടെറാവാട്ടിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇതിന് കഴിയുമെന്നും 200,000-ത്തിലധികം വീടുകൾക്ക് വൈദ്യുതി നൽകിയേക്കുമെന്നും പോസ്റ്റുകളിൽ പറയുന്നുണ്ട്. എന്താണ് ഇതിൻ്റെ വസ്തുത.
നടത്തിയ കീവേഡ് സെർച്ചിൽ രാജ്യത്തെ റെയിൽവേ ട്രാക്കുകൾക്കിടയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യേഗിക റിപ്പോർട്ടുകളോ, വാർത്തകളോ ലഭിച്ചില്ല. വൈറൽ പോസ്റ്റുകളിലെ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, സമാനമായ നിരവധി പോസ്റ്റുകൾ ലഭിച്ചു. കൂടുതൽ പരിശോധനയിൽ 2025 ഏപ്രിൽ 29 ന് സ്വിസ് ന്യൂസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു. സ്വിറ്റ്സർലൻഡിലെ ഒരു സോളാർ ടെക്നോളജി സ്റ്റാർട്ടപ്പായ സൺ-വേയ്‌സ് പടിഞ്ഞാറൻ സ്വിറ്റ്‌സർലൻഡിലെ ബട്ട്‌സ് എന്ന പട്ടണത്തിനടുത്തുള്ള റെയിൽവേ ട്രാക്കുകൾക്കിടയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതായാണ് റിപ്പോർട്ടിലുള്ളത്.
എൻഡിടിവിയും ഇതേ വാർത്ത നൽകിയിട്ടുണ്ട്. റിപ്പോർട്ടുകളിൽ ഉപയോഗിച്ചിരിക്കുന്ന ഫീച്ചർ ഇമേജാണ് വൈറൽ പോസ്റ്റുകളിലും നൽകിയിരിക്കുന്നതെന്ന് വ്യക്തമായി. കൂടാതെ സൺ-വേയ്സിന്റെ വെബ്‌സൈറ്റിൽ പദ്ധതി നടപ്പാക്കിയ രാജ്യങ്ങളുടെ പേരും റെയിൽവെ ട്രാക്കിൽ സോളാർ പവർ പാനലുകൾ ഘടിപ്പിക്കാൻ കരാർ നൽകിയ രാജ്യങ്ങളുടെ പേരും നൽകിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഒന്നും ഇന്ത്യയില്ല. അതായത് ഇന്ത്യൻ റെയിവെ ട്രാക്കുകൾക്കിടയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രചരണം വ്യാജമാണെന്ന് വ്യക്തം.