മെസ്സി ഇന്ത്യൻ ഭരണഘടനയുടെ പോക്കറ്റ് എഡിഷൻ ഉയർത്തിപ്പിടിച്ചുള്ള ഈ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025ൻ്റെ ഭാഗമായി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഈ കഴിഞ്ഞ ഡിസംബർ 13നാണ് അർജൻ്റൈൻ ഇതിഹാസതാരം ലയണൽ മെസ്സിയും ഇൻ്റർ മയാമി താരങ്ങളും ഇന്ത്യയിലെത്തിയത്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, ജാംനഗർ എന്നിവിടങ്ങളിലായിരുന്നു മെസ്സിയുടെ പര്യടനം. ഇന്ത്യയിലെത്തിയ മെസ്സി പര്യടനത്തിനിടെ എടുത്തത് എന്ന അവകാശവാദത്തോടെയാണ് ചിത്രം വൈറലാകുന്നത്. "ജയ് സംവിധാൻ" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പലരും പങ്കിടുന്നത്. എന്താണ് ഇതിൻ്റെ വസ്തുത.
ഡിസംബർ 14നാണ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഇത്തരത്തിലൊരു സംഭവം നടന്നിരുന്നെങ്കിൽ അത് ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായേനെ. കീവേർഡ് പരിശോധനയിൽ അത്തരത്തിലൊരു വാർത്തയോ, റിപ്പോർട്ടുകളോ ലഭിച്ചില്ല. തുർന്ന് ചിത്രങ്ങൾ ഗൂഗിൾ ലെൻസ് വഴി പരിശോധിച്ചപ്പോൾ സമാനമായ നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ ലഭിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കിട്ട ചിത്രങ്ങളും ലഭിച്ചു.
ഡിസംബർ 14നാണ് രേവന്ത് റെഡ്ഡി ചിത്രങ്ങൾ പങ്കുവച്ചത്. മെസ്സി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇതെന്നും പോസ്റ്റിൽ നിന്നും വ്യക്തമാണ്. എന്നാൽ ഈ ചിത്രങ്ങളിൽ മെസ്സിയുടെ കൈയിൽ ഭരണഘടന ഇല്ല. മറിച്ച് കൈ ഉയർത്തി ആരാധകരെ അഭിസംബോധന ചെയ്യുന്നതാണ് ഇതിലുള്ളത്.
രേവന്ത് റെഡ്ഡി പങ്കിട്ട ഫോട്ടോയും പ്രചരിക്കുന്ന ഫോട്ടോയും താരതമ്യം ചെയ്തപ്പോൾ രണ്ട് ചിത്രങ്ങളും ഒന്നു തന്നെയാണെന്ന് വ്യക്തമായി. എന്നാൽ എഡിറ്റ് ചെയ്ത് മാറ്റങ്ങൾ വരുത്തിയാണ് ഇത് പ്രചരിപ്പിക്കുന്നത്. അതായത് ഹൈദരാബാദ് സന്ദർശന വേളയിൽ മെസ്സി ഭരണഘടന പിടിച്ചു നിൽക്കുന്നതായുള്ള പോസ്റ്റുകൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും ആണെന്ന് വ്യക്തം.