പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുകയാണ്. ഇറാനെതിരൊയ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണങ്ങളും ഇറാൻ്റെ പ്രത്യാക്രമണങ്ങളും തുടരുകയാണ്. ഇതിനിടെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഇറാനിലെ ഇസ്ഫഹാൻ പള്ളി മാർച്ച് 10ന് യുഎസും ഇസ്രയേലും ആക്രമിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇസ്ഫഹാനിലെ നഖ്‌ഷെ ജഹാൻ സ്‌ക്വയറിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ നാശനഷ്ടങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഇതിനുപിന്നാലെ ഇറാനിലെ പള്ളിയിലുണ്ടായ മിസൈൽ ആക്രമണം എന്ന അവകാശപ്പെടുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇസ്ഫഹാൻ പള്ളിയോട് സാമ്യമുള്ള ഒരു കെട്ടിടത്തിനകത്ത് ആളുകൾ പരിഭ്രാന്തിയോടെ നടക്കുന്നതും പെട്ടെന്ന് പ്രവേശന കവാടത്തിനരികിൽ സ്‌ഫോടനം നടക്കുന്നതുമാണ് വൈറൽ വീഡിയോയിലുള്ളത്. ഇതോടെ ആളുകൾ കൂട്ടത്തോടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതും, നിലത്ത് വീഴുന്നതും വീണ്ടും എഴുന്നേറ്റ് ഓടുന്നതും ചെയ്യുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. "ഇത് എഐ അല്ല, ഇറാനിൽ നടന്ന സ്ഫോടനമാണ്. മതത്തിനുവേണ്ടി ആരംഭിച്ച പോരാട്ടം രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമായി മാറി. റഷ്യയും കളത്തിലിറങ്ങിയതോടെ അത് സങ്കീർണമായി" എന്നാണ് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. എന്താകും ഇതിന്റെ വസ്തുത.
വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ടുള്ള വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. തുടർന്ന് വൈറൽ വീഡിയോ വിശദമായി പരിശോധിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകൾ കണ്ടെത്താനായി. യഥാർഥ സ്ഫോടനങ്ങളുമായി താരതമ്യപ്പെടുത്തിയപ്പോൾ ദൃശ്യങ്ങളിലെ പുകയും തീയും എല്ലാം അസ്വാഭാവികമായാണ് കാണപ്പെടുന്നത്. പശ്ചാത്തലത്തിലുള്ള കെട്ടിടങ്ങളും വസ്തുക്കളും ആളുകളുടെയുമെല്ലാം ചലനങ്ങളിലടക്കം അസ്വാഭാവികതകളുണ്ട്. ഇതെല്ലാം ദൃശ്യങ്ങൾ എഐ നിർമിതമാകാമെന്ന സൂചനയാണ് നൽകിയത്. സ്ഥിരീകരണത്തിനായി എഐ ഡിറ്റക്ഷൻ ടൂളുകളുപയോഗിച്ചപ്പോഴും ദൃശ്യങ്ങൾ എഐ നിർമിതമാണെന്ന ഫലമാണ് ലഭിച്ചത്. അതായത് ഇറാനിലെ പള്ളിക്കുള്ളിലെ മിസൈൽ ആക്രമണമെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് എഐ നിർമിത ദൃശ്യങ്ങളാണെന്ന് വ്യക്തം.