അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള ഇന്ത്യൻ എംബസി ആക്രമിക്കപ്പെട്ടുവെന്ന തരത്തിലുള്ള ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തകർന്ന കെട്ടിടത്തിന്റെ രണ്ട് ചിത്രങ്ങളുടെ ഒരു കൊളാഷ് ചിത്രവും ഇതിനൊപ്പം നൽകിയിട്ടുണ്ട്. എന്താണ് ഇതിൻ്റെ വസ്തുത.
പരിശോധനയിൽ ഇന്ത്യൻ എംബസിക്കുനേരെ ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾ ഒന്നും ലഭിച്ചില്ല. കാബൂളിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇത്തരത്തിലൊരു ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും കണ്ടെത്തനായില്ല. പ്രചരിക്കുന്നതിൽ വലിയൊരു കെട്ടിടം തീപിടിച്ചു കൊണ്ടിരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ സമാന ചിത്രമടങ്ങിയ ഒരു റിപ്പോർട്ട് ലഭിച്ചു.
ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് 2014 മെയ് 24-ന് പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിൽ അഫ്ഗാനിസ്താനിലെ ഹെറാത്ത് പ്രവിശ്യയിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെപ്പറ്റിയാണ് പറയുന്നത്. ഈ ആക്രമണത്തിൽ കോൺസുലേറ്റിലെ എല്ലാ നയതന്ത്രജ്ഞരും സുരക്ഷിതരായിരുന്നെന്നും അക്രമികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും ഈ വാർത്തയിലുണ്ട്.
രണ്ടാമത്തെ ചിത്രം പരിശോധിച്ചപ്പോൾ 2017ൽ കാബൂളിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റേതാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ലഭിച്ചു. 2017 മെയ് 17-ന് ബിബിസി പ്രസിദ്ധീകരിച്ച വാർത്തയിൽ ഈ ചിത്രം നൽകിയിട്ടുണ്ട്. ജർമൻ എംബസിക്കു സമീപം ചാവേർ ബോംബ് സ്‌ഫോടനം നടന്നതായാണ് റിപ്പോർട്ടിലുള്ളത്. ഈ ആക്രമണത്തിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
അതായത് അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി ആക്രമിക്കപ്പെട്ടുവെന്നുള്ള പ്രചരണം തെറ്റാണ്. 2014-ൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിന്റേതും, 2017-ൽ ബോംബ് സ്‌ഫോടനത്തിൽ തകർന്ന ജർമൻ എംബസിയുടെയും ചിത്രങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.