സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമായിക്കൊണ്ടിരിക്കകയാണ്. ഈ സാഹചര്യത്തിൽ നിരവധി വ്യാജവാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ക്രൈസ്തവർക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങളുടെ നേർച്ചിത്രമെന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റ് വൈറലാകുന്നുണ്ട്. തോക്കുചൂണ്ടിയ രണ്ടുപേരുടെ നിഴലിനൊപ്പം ഒരു കുഴിയിൽ ഇരിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും ചിത്രമാണ് പ്രചരിക്കുന്നത്. എന്താണ് ഇതിൻ്റെ വസ്തുത.
പ്രചരിക്കുന്ന ചിത്രത്തിലെ ചില അസ്വാഭാവികതകളും പൊരുത്തക്കേടുകളുമാണ് ആദ്യം ശ്രദ്ധയിൽപെട്ടത്. തോക്കുചൂണ്ടിയയ ആയുധധാരികളുടെ നിഴൽ കാണാമെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും നിഴൽ ചിത്രത്തിലില്ല. തോക്കുപിടിച്ച കയ്യിന്റെ നിഴലിലും അസ്വാഭാവികതകളുണ്ട്. ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ khoubaib.bz എന്ന ഒരു വാട്ടർമാർക്ക് കാണാൻ കഴിഞ്ഞു. ഇത് ഇൻസ്റ്റഗ്രാമിൽ തിരഞ്ഞപ്പോൾ ഈ പേരിലുള്ള പേജ് കണ്ടെത്തി. ചിത്രത്തിലെ അതേ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ പേജിൽ പങ്കുവച്ചിട്ടുണ്ട്.
വീഡിയോ പരിശോധിച്ചപ്പോൾ ഇത് യഥാർഥമല്ലെന്ന് വ്യക്തമായി. നിഴലുകൾ മുന്നോട്ടുനീങ്ങുന്നതിലടക്കം അസ്വാഭാവികതകൾ കാണാം. കൂടാതെ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം നൽകിയ വിവരണത്തിൽ ഇത് എഐ ഉപയോഗിച്ച് നിർമിച്ച ദൃശ്യങ്ങളാണെന്ന് വ്യക്തമാക്കുന്നുമുണ്ട്. പേജ് കൂടുതൽ പരിശോധിച്ചപ്പോൾ ഇത്തരത്തിൽ നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ നിരവധി വീഡിയോകൾ ഇതിൽ പങ്കുവെച്ചതായും കണ്ടെത്തി. പേജിന്റെ പ്രൊഫൈലിൽ നൽകിയ ബയോയിലും ഡിജിറ്റൽ - എഐ ഉള്ളടക്ക നിർമാതാവ് എന്ന നൽകിയിട്ടുണ്ട്.
അതായത് സുഡാനിൽ ക്രൈസ്തവർക്കെതിരെ മുസ്ലീംങ്ങൾ നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം എഐ നിർമിത വീഡിയോയിലെ സ്ക്രീൻഷോട്ടാണെന്ന് വ്യക്തം. ഇതിന് സുഡാനുമായോ വംശീയ പ്രശ്നങ്ങളുമായോ ബന്ധമില്ലെന്ന് സാരം.