ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയോട് കളിക്കാൻ ബിസിസിഐ ഇടപെട്ടെന്ന് മുൻ പാക് ക്യാപ്റ്റൻ; ടെലിവിഷൻ ഷോയ്ക്ക് ചീത്തവിളി, സത്യമിതാണ്!

'എആർവൈ ന്യൂസ്' എന്നൊരു പാകിസ്ഥാനി ചാനലാണ് ഈ വ്യാജ വീഡിയോ വലിയ പ്രാധാന്യത്തോടെ അവതരിപ്പിച്ചത്.
PCB vs BCCI
Published on
Updated on

ഡൽഹി: ബംഗ്ലാദേശിൻ്റെ പിന്മാറ്റത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ ടി20 ലോകകപ്പ് ബഹിഷ്ക്കരണ ആഹ്വാനവും പിന്നീട് ആ തീരുമാനം പിൻവലിക്കാനുള്ള തീരുമാനവും സമീപകാലത്ത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിനിടയിൽ സാനിയ മിർസയുടെ മുൻ ഭർത്താവും, പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റനുമായ ഷോയിബ് മാലിക് അവതരിപ്പിച്ചൊരു ടെലിവിഷൻ ഷോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ ചീത്തവിളിയാണ് ലഭിക്കുന്നത്.

പിണങ്ങി മാറി നിന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അനുനയിപ്പിച്ച് വീണ്ടും ലോകകപ്പ് കളിപ്പിക്കാൻ ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ ആവർത്തിച്ച് നിർബന്ധിച്ചെന്ന മാധ്യമ റിപ്പോർട്ടാണ് ഇപ്പോൾ പരിഹാസ വിഷയമാകുന്നത്. ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയുടേതെന്ന പേരിലുള്ള ഒരു ഓഡിയോ മാത്രം കേൾപ്പിച്ചാണ് "ഇന്ത്യ പാകിസ്ഥാൻ്റെ കാലുപിടിച്ചാണ് ലോകകപ്പ് കളിപ്പിക്കുന്നതെന്ന" ഒരു നരേറ്റീവ് സൃഷ്ടിക്കാൻ ഷോയിബ് മാലിക് ശ്രമിച്ചത്. 'എആർവൈ ന്യൂസ്' എന്നൊരു പാകിസ്ഥാനി ചാനലിലാണ് ഈ വ്യാജ വീഡിയോ വലിയ പ്രാധാന്യത്തോടെ അവതരിപ്പിച്ചത്.

എന്നാൽ എന്താണ് യഥാർത്ഥ വസ്തുത? കീ വേർഡ് സെർച്ച് പരിശോധനയിൽ, രാജീവ് ശുക്ല മാധ്യമങ്ങൾക്ക് നൽകിയൊരു വീഡിയോ ബൈറ്റിൽ നിന്നുള്ള ഓഡിയോ സംഭാഷണത്തിലേക്ക് ചില എഐ ക്രിയേറ്റഡ് സംഭാഷണങ്ങൾ കൂടി ചേർത്താണ് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത്. "പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അനുനയിപ്പിക്കാനും പാക് ടീമിനെ ലോകകപ്പിൽ കളിപ്പിക്കാനും വേണ്ടി ഐസിസിയുമായി ബിസിസിഐ നിരന്തരം ഇടപെട്ടിരുന്നു," എന്നാണ് ഫേക്ക് വീഡിയോയിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്.

ആ ശബ്ദം എൻ്റേതല്ലെന്ന് വ്യക്തമാക്കി ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല തന്നെ രംഗത്തെത്തി. പാർലമെൻ്റിലെ കോൺഗ്രസ് എംപി കൂടിയാണ് രാജീവ് ശുക്ല. "എന്‍റെ പ്രസ്താവനകൾ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയിരിക്കുകയാണ്. ആ ശബ്ദം എന്‍റേതല്ല. ഇത്തരം തെറ്റായ ഉള്ളടക്കങ്ങൾ വിശ്വസിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ഇത്തരത്തിലുള്ള വീഡിയോകൾ കാണുമ്പോൾ അവ ഫേക്ക് ആണെന്ന് റിപ്പോർട്ട് ചെയ്യണം," രാജീവ് ശുക്ല സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചു.

വാസ്തവത്തിൽ ഐസിസി ഇടപെട്ട് ഇന്ത്യ-പാക് മത്സരത്തിനുള്ള തടസങ്ങൾ നീക്കിയതിനെ സ്വാഗതം ചെയ്യുകയാണ് രാജീവ് ശുക്ല ചെയ്തത്. ക്രിക്കറ്റിന്‍റെ നിലനിൽപ്പിനും ലോകകപ്പിൻ്റെ വിജയത്തിനും ഈ തീരുമാനം അത്യന്താപേക്ഷിതമാണ് എന്നാണ് അദ്ദേഹം പറഞ്ഞത് ഫെബ്രുവരി 10ന് മാധ്യമങ്ങളോട് പറഞ്ഞത്. ഐസിസി ചെയർമാനും ബിസിസിഐ ഭാരവാഹികൾക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തിരുന്നു.

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രമുഖരുടെ ശബ്ദവും രൂപവും മാറ്റിമറിക്കുന്ന 'ഡീപ്പ് ഫേക്ക്' സാങ്കേതിക വിദ്യ സമൂഹത്തിൽ വലിയൊരു ഭീഷണിയായി മാറുന്നുണ്ടെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇന്ത്യയെ അപമാനിക്കാൻ ലക്ഷ്യം വച്ചാണ് ഇത്തരമൊരു ഫേക്ക് വീഡിയോ ഇറക്കിയതെന്ന് വ്യക്തമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com