ജനന സർട്ടിഫിക്കറ്റ് എടുക്കാത്തവർ 2026 ഏപ്രിൽ 27ന് മുമ്പ് അപേക്ഷ നൽകണമെന്നും അതിനുശേഷം സർട്ടഫിക്കറ്റ് ലഭിക്കില്ലെന്നുമുള്ള ഒരു സന്തേശമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം, 2023, മുതൽ രാജ്യത്ത് നടപ്പിലാക്കി. വിവിധ ആവശ്യങ്ങൾക്കായി ജനന സർട്ടിഫിക്കറ്റ് ഒരു പ്രധാന രേഖയായി ഉപയോഗിക്കുമെന്നും ഇത് പൗരത്വത്തിന്റെ ശക്തമായ തെളിവായി കണക്കാക്കുമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. എന്താണ് ഇതിന്റെ വസ്തുത.
കീവേർഡ് പരിശോധനയിൽ ജനന സർട്ടിഫിക്കറ്റ് റജിസ്‌ട്രേഷനുള്ള അവസാന തീയതി സംബന്ധിച്ച റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല. കേന്ദ്രസർക്കാരിന്റെ വെബ്‌സൈറ്റുകൾ പരിശോധിച്ചപ്പോഴും ഇത് സംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും കണ്ടെത്തിയില്ല. സന്ദേശത്തിൽ പരാമർശിക്കുന്ന ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി നിയമത്തെക്കുറിച്ചാണ് പിന്നീട് അന്വേഷിച്ചത്. 2023 ഓഗസ്റ്റ് 11നാണ് ‘റജിസ്ട്രേഷൻ ഓഫ് ബർത്ത്സ് ആൻഡ് ഡെത്ത്സ് അമെൻഡ്മെന്റ് ബിൽ’ നിയമമായത്. വോട്ടർപട്ടികയിൽ ഉൾപ്പെടുത്തൽ, സർക്കാർ ജോലികളിലെ നിയമനം, സ്കൂൾ പ്രവേശനം, റേഷൻ കാർഡ്, വസ്‌തു റജിസ്‌ട്രേഷൻ, പാസ്പോർട്ട് എന്നിവയ്ക്കെല്ലാം ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.
ഇതുപ്രകാരം, ദേശീയ തലത്തിൽ രജിസ്റ്റർ ചെയ്ത ജനനങ്ങളുടെയും മരണങ്ങളുടെയും ഡാറ്റാബേസ് റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പരിപാലിക്കും, കൂടാതെ റജിസ്റ്റർ ചെയ്ത ജനനങ്ങളുടെയും മരണങ്ങളുടെയും ഡാറ്റ അത്തരം ഡാറ്റാബേസുകളുമായി പങ്കിടേണ്ടത് ചീഫ് റജിസ്ട്രാർമാരുടെയും റജിസ്ട്രാർമാരുടെയും കടമയാണ്. എന്നിരുന്നാലും, ഇത് പൂർണമായി നടപ്പിലാക്കുന്നതിനുള്ള അന്തിമ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നാണ് ലഭ്യമായ വിവരം. കൂടുതൽ പരിശോധനയിൽ ജനന സർട്ടിഫിക്കറ്റ് റജിസ്‌ട്രേഷന് അപേക്ഷ നൽകാൻ അവസാന തീയതി കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടില്ലെന്നും വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വ്യാജമാണെന്ന് വ്യക്തമാക്കുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്കിന്റെ പോസ്റ്റും ലഭിച്ചു. അതായത് പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് വ്യക്തം.