ഹസ്തദാന വിവാദത്തിന് പിന്നാലെ ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തെപ്പറ്റിയുള്ള മറ്റൊരു വിവാദമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. സെപ്റ്റംബർ 21ന് നടന്ന ഇന്ത്യ-പാക് സൂപ്പർ ഫോർ മാച്ചിൽ മൂന്നാം ഓവറിൽ പാക് താരം ഫഖർ സമാൻ സഞ്ജുവിന്റെ ക്യാച്ചിൽ പുറത്തായതാണ് വിവാദത്തിന് കാരണം. ഫഖറിനെ മത്സരത്തിൽ നിന്നും തെറ്റായി പുറത്താക്കി എന്ന തരത്തിലുള്ള പോസ്റ്റുകളാണ് വൈറലാകുകയാണ്. 'അമ്പയർക്ക് തെറ്റുപറ്റിയതാണ്. ഫഖർ സമാൻ യഥാർഥത്തിൽ ഔട്ട് അല്ല, എന്നാണ് പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്. നിലം തൊട്ട പന്തിനെയാണ് സഞ്ജു പിടിക്കുന്നത് എന്ന് തോന്നിക്കുന്ന തരത്തിലുള്ള ചിത്രങ്ങളുൾപ്പെടെയാണ് പ്രചരണം. എന്താണ് ഇതിൻ്റെ വസ്തുത.
ഹർദിക് പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പറായ സഞ്ജുവിൻ്റെ ക്യാച്ചാണ് ഫഖർ സമാനെ പുറത്താക്കിയത്. സഞ്ജുവിന്റെ കയ്യിലെത്തും മുമ്പ് പന്ത് മൈതാനത്ത് പതിച്ചിരുന്നോ എന്നതിൽ ചർച്ചകൾ ഉയർന്നതോടെ തേർഡ് അമ്പയർ വിശദമായി പരിശോധിക്കുകയും ഔട്ട് വിധിക്കുകയും ചെയ്തു. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ വീഡിയോ സഹിതം പുറത്തുവന്നിരുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗണസിലിന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയുടെ 3:32-ാം മിനിറ്റിൽ സഞ്ജുവിന്റെ ക്യാച്ച് വ്യത്യസ്ത ആംഗിളിൽ ആവർത്തിച്ചു കാണിക്കുന്നുണ്ട്. പന്ത് മൈതാനത്ത് പതിച്ചിട്ടില്ലെന്ന് വളരെ വ്യക്തമായി ഇതിൽ കാണാം.
പ്രചരിക്കുന്ന ചിത്രം സൂക്ഷമമായി പരിശോധിച്ചപ്പോൾ മത്സരത്തിലെ ദൃശ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന് നിരവധി പൊരുത്തക്കേടുകൾ കാണാൻ കഴിഞ്ഞു. ക്രിക്കറ്റ് ബോളിന്റെ അസ്വാഭാവിക വലുപ്പം മാത്രമല്ല പന്ത് മുറിഞ്ഞ രീതിയിലാണ് കാണപ്പെടുന്നത്. ഇടത് കൈയിൽ ധരിച്ചിരിക്കുന്ന ഗ്ലൗസിലും അപാകതകളുണ്ട്. തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളായ ഹൈവ് മോർഡിറേറ്റിൽ ചിത്രം പരിശോധിച്ചപ്പോൾ 97% എഐ നിർമിതമാണെന്ന ഫലമാണ് ലഭിച്ചത്. അതായത് പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് വ്യക്തം.