ലോസ് ആഞ്ചലസ് കാട്ടുതീയിൽ ഹോളിവുഡ് മലനിരകൾ കത്തിയമർന്നോ? ചിത്രങ്ങളിലെ വസ്തുതയെന്ത്?

ഹോളിവുഡ് ഇക്കാലം കൊണ്ട് വാങ്ങിക്കൂട്ടിയ ശാപത്തിനെല്ലാം തിരിച്ചടി കിട്ടി എന്നടക്കമുള്ള അടിക്കുറിപ്പുകളോടെ ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രങ്ങള്‍ ഷെയ‍ർ ചെയ്യപ്പെട്ടിരുന്നു
ലോസ് ആഞ്ചലസ് കാട്ടുതീയിൽ ഹോളിവുഡ് മലനിരകൾ കത്തിയമർന്നോ? ചിത്രങ്ങളിലെ വസ്തുതയെന്ത്?
Published on

ലോസ് ആഞ്ചലസിൽ കാട്ടുതീ ആളിപടരുമ്പോള്‍, അതിലും വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ കത്തിക്കയറുകയാണ് വ്യാജചിത്രങ്ങളും വീഡിയോകളും. ഹോളിവുഡ് എന്നെഴുതിയ പ്രസിദ്ധമായ സൈൻ ബോർഡ് അഗ്നിക്കിരയായ ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടു. ഹോളിവുഡ് ഇക്കാലം കൊണ്ട് വാങ്ങിക്കൂട്ടിയ ശാപത്തിനുള്ള തിരിച്ചടിയെന്ന അടിക്കുറിപ്പിൽ ചിത്രം പങ്കുവയ്ക്കപ്പെട്ടു. എന്നാൽ ഹോളിവുഡിന്‍റെ ലോകപ്രസിദ്ധ ഐക്കോണിക് ചിഹ്നത്തെ കാട്ടുതീ വിഴുങ്ങിയില്ലെന്നതാണ് വസ്തുത.


ജനുവരി 7ന് ലോസ് ആഞ്ചലസിലെ പസഫിക് പാലിസേഡിലാണ് ആദ്യമായി കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തൊട്ടടുത്ത ദിവസം, ഹോളിവുഡ് ഹില്‍സിലേക്ക് തീ പടർന്നു. ലൊസാഞ്ജലസ് ഫയർ ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഉത്തരവിൽ മേഖലയിലെ എല്ലാ കെട്ടിടങ്ങളും ഒഴിപ്പിക്കപ്പെട്ടു. ഹോളിവുഡ് ബൊളിവാർഡ്, വാക്ക് ഓഫ് ഫെയിം എന്നിവയ്‌ക്ക് ഒപ്പം പ്രസിദ്ധമായ ഹോളിവുഡ് ചിഹ്നമടങ്ങുന്ന സാന്‍റാ മോണിക്കാ പർവ്വതനിരകളും അന്ന് കാട്ടുതീ ഭീഷണിയിലായിരുന്നു. ഈ ഘട്ടത്തിലാണ് അതിവേഗം വ്യാപിച്ച തീയില്‍ ഹോളിവുഡ് ചിഹ്നം കത്തിയമരുന്നതിന്‍റെ ദൃശ്യം പുറത്തുവന്നത്.

ഹോളിവുഡ് ഇക്കാലം കൊണ്ട് വാങ്ങിക്കൂട്ടിയ ശാപത്തിനെല്ലാം തിരിച്ചടി കിട്ടി എന്നടക്കമുള്ള അടിക്കുറിപ്പുകളോടെ ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രങ്ങള്‍ ഷെയ‍ർ ചെയ്യപ്പെട്ടു. ചില ചിത്രങ്ങളില്‍ സൈന്‍ ബോർഡിനെ തീജ്വാലകള്‍ വിഴുങ്ങിയതായി കണ്ടെങ്കില്‍, ചിലതില്‍ സൈൻ ബോർഡിന് ചുറ്റുമുള്ള മലനിരകളില്‍ തീയാളുന്നതായിരുന്നു. ഹോളിവുഡ് സൈൻ ബോർഡിനോട് സമീപത്തേക്ക് തീപടരുന്നതായി ലോസ് ആഞ്ചലസ് മേയർ കേരന്‍ ബാസ് സ്ഥിരീകരിച്ചതോടെ ഊഹാപോഹം ശക്തമായി.

എന്നാല്‍, ഇത് പൂർണ്ണമായി നിഷേധിച്ച്, ഹോളിവുഡ് സൈൻ ട്രസ്റ്റിൻ്റെ ചെയർമാന്‍ ജെഫ് സറീനാം പ്രതികരിച്ചു. ബോർഡിന് തീപിടിച്ചിട്ടില്ലെന്നും കേടുപാടുകളില്ലെന്നും സറീനാം റോയിട്ടേഴ്സിനോട് പറഞ്ഞു. സൈൻ ബോർഡുള്ള ഗ്രിഫിത്ത് പാർക്ക് സുരക്ഷാ മുൻകരുതലെന്ന നിലയിൽ താൽക്കാലികമായി അടച്ചതായും അദ്ദേഹം അറിയിച്ചു. ഹോളിവുഡ് സൈനിന് കേടുപാടുകളില്ലെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ റോയിട്ടേഴ്സും പുറത്തുവിട്ടു.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങളിലും ചില പ്രശ്നമുണ്ടായിരുന്നു. ബോർഡിലെ അക്ഷരങ്ങളുടെ വലുപ്പ വ്യത്യാസവും ചിത്രങ്ങളിലെ ലെറ്റിംഗും സംശയമുയർത്തി. എഡിറ്റുചെയ്ത് ചേർത്ത അഗ്നിഗോളങ്ങള്‍ ചിലർ എളുപ്പത്തില്‍ കണ്ടുപിടിച്ചു. വലിയ പ്രചാരം നേടിയ ചിത്രങ്ങളിലൊന്ന് എഐയിലൂടെ നിർമ്മിച്ചതെന്ന് വ്യക്തമാക്കുന്ന വാട്ടർമാർക്കുണ്ടായിരുന്നു. എക്സിന്‍റെ തന്നെ എഐയായ ഗ്രോക്കിന്‍റേതായിരുന്നു ഈ ലോഗോ. ഇതോടെ സൈന്‍ ബോർഡ് അഗ്നിക്കിരയായെന്ന വാർത്ത വ്യാജമാണെന്ന് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടു. അതേസമയം, അമേരിക്കയ്ക്ക് പുറത്തുള്ള സോഷ്യല്‍ മീഡിയാ ലോകം ഇപ്പോഴും ഈ വ്യാജവാർത്തയിൽ തന്നെ നിൽക്കുകയാണ്.

സാന്‍റാ മോണിക്ക, ബീച്ച്‌വുഡ് മലനിരകള്‍ക്ക് മുകളിലായി മൗണ്ട് ലീയിലാണ് ഹോളിവുഡ് സൈൻ ബോർഡുള്ളത്. 1923 ല്‍ സ്ഥാപിക്കുമ്പോള്‍ 50-അടി ഉയരവും 450 അടി നീളവുമുണ്ടായിരുന്ന ബോർഡിന്, ഹോളിവുഡ് ലാൻഡ് എന്നായിരുന്നു പേര്. മേഖലയുടെ റിയല്‍ എസ്റ്റേറ്റ് വികസന പരസ്യമായ ബോർഡ്, പിന്നീട് വലിയ പ്രചാരം നേടി, സിനിമാ-ടിവി ഷോകളിൽ പ്രത്യക്ഷപ്പെട്ടു. ഹോളിവുഡ് ഹില്‍സിന്‍റെ സാംസ്കാരിക അടയാളമായി മാറി. 1949 ഓടെ ബോർഡിലെ ലാന്‍ഡ് ഒഴിവാക്കി, കോണ്‍ഗ്രീറ്റ് അടിത്തറയുള്ള 45 അടി ഉയരമുള്ള സ്റ്റീല്‍ അക്ഷരങ്ങളോടെ ഹോളിവുഡ് ചിഹ്നമായി മാറി. ഏതായാലും 43 ഏക്കർ പടർന്നുപിടിച്ച ഈ മേഖലയിലെ തീയില്‍ ഹോളിവുഡ് നിർമിതികള്‍ക്കൊന്നും കേടുപാടില്ലെന്നാണ് അ​ഗ്നിശമനവിഭാ​ഗം സ്ഥിരീകരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com