വിവാദമൊഴിയാതെ അഗ്നിപഥ്: രാഹുലോ, രാജ്നാഥോ... ആര് പറയുന്നതാണ് ശരി?

ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ കണക്കുപുസ്തകത്തിനപ്പുറം, ഭരണപക്ഷത്തെയൊന്നാകെ നിശബ്ദമാക്കുന്ന പ്രതിപക്ഷത്തിന്റെ മൂര്‍ച്ചയുള്ള ആയുധമായി അഗ്നിപഥ് മാറിയിരിക്കുന്നു.
വിവാദമൊഴിയാതെ അഗ്നിപഥ്: രാഹുലോ, രാജ്നാഥോ... ആര് പറയുന്നതാണ് ശരി?
Published on

രാജ്യസ്നേഹവും രാജ്യസേവനവും ഉദ്ഘോഷിച്ച് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ സൈനികതൊഴില്‍ പദ്ധതി. അഗ്നിപഥ്. രാജ്യമാകെ ചര്‍ച്ച ചെയ്തൊരു പദ്ധതി, ഒരിടവേളയ്ക്കുശേഷം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ കണക്കുപുസ്തകത്തിനപ്പുറം, ഭരണപക്ഷത്തെയൊന്നാകെ നിശബ്ദമാക്കുന്ന പ്രതിപക്ഷത്തിന്റെ മൂര്‍ച്ചയുള്ള ആയുധമായി അഗ്നിപഥ് മാറിയിരിക്കുന്നു. പ്രതിപക്ഷത്തിനൊപ്പം, ഭരണമുന്നണിയില്‍പ്പെട്ട ചില കക്ഷികളും വിമര്‍ശനങ്ങള്‍ ഉന്നയിച്ചതോടെ, പ്രതിരോധത്തിന് പുതിയ ആയുധങ്ങള്‍ തേടുകയാണ് മോദി സര്‍ക്കാര്‍.

അഗ്നിപഥിനെക്കുറിച്ച് ആര് പറയുന്നതാണ് ശരി?

പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് വിമര്‍ശനങ്ങളും ആരോപണങ്ങളും തുറന്നുവിട്ടത്. സൈനികര്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നതാണ് അഗ്നിപഥ് പദ്ധതി എന്നായിരുന്നു രാഹുലിന്റെ പ്രധാന വിമര്‍ശനം. താല്‍ക്കാലിക സൈനിക സേവനത്തിന്റെ പേരില്‍ യുവാക്കള്‍ ചതിക്കപ്പെടുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ജമ്മു കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ അജയ് കുമാറിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ആരോപണങ്ങള്‍. അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്ന് സൈന്യവും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പറയുമ്പോള്‍, നൽകിയത് ഇൻഷുറൻസ് തുക മാത്രമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയിലൂടെ നിയമിക്കപ്പെടുന്നവര്‍ക്ക് സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദം രാജ്നാഥ് സിംഗ് ആവര്‍ത്തിച്ചു.

സൈനികന്‍ കൊല്ലപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും. രാഹുല്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും പ്രതിരോധമന്ത്രി ആരോപിച്ചു. എന്നാല്‍, സര്‍ക്കാര്‍ വാദം തെറ്റാണെന്നായിരുന്നു രാഹുലിന്റെ പക്ഷം. അജയ് കുമാറിന്റെ കുടുംബത്തിന് ഏതെങ്കിലും വിധത്തിലുള്ള നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ പണത്തെ നഷ്ടപരിഹാരമായി വ്യാഖ്യാനിക്കുകയാണ്. അതിനെ ഒന്നായി കാണാനാവില്ലെന്നുമായിരുന്നു രാഹുലിന്റെ വാദങ്ങള്‍. എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ജെഡിയുവും, ലോക് ജനശക്തി പാര്‍ട്ടിയും അഗ്നിപഥ് പദ്ധതിയക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ വേണമെന്നും മാറ്റങ്ങള്‍ ആവശ്യമാണെന്നും വളരെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജെഡിയുവിന്റെ മുതിര്‍ന്ന നേതാവ് കെ.സി ത്യാഗി, അഗ്നിപഥ് പദ്ധതിയില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടതോടെ, അഗ്നിപഥ് ചര്‍ച്ചകള്‍ക്ക് പുതിയ മാനം കൈവന്നു.

എന്താണ് അഗ്നിപഥ് പദ്ധതി?

കര, വ്യോമ, നാവിക സൈനിക സേവനങ്ങള്‍ക്കായി സൈനികരെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്. 2022 ജൂണ്‍ 14നാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമിട്ടത്. പതിനേഴര മുതല്‍ 21 വയസ് വരെയുള്ളവര്‍ക്ക് പദ്ധതിയിലൂടെ സൈനികരാകാം. തിരഞ്ഞെടുക്കപ്പെടുന്ന സൈനികര്‍ അഥവാ അഗ്നിവീറുകള്‍ക്ക് നാല് വര്‍ഷമാണ് സേവന കാലാവധി. ഇവരില്‍നിന്ന് 25 ശതമാനം പേര്‍ക്ക് 15 വര്‍ഷം അധിക സേവനത്തിനുള്ള സാധ്യതയുണ്ട്. മറ്റു സൈനികരെപ്പോലെ കടുത്ത പരിശീലനം അഗ്നിവീറുകള്‍ക്കുമുണ്ട്. എന്നാല്‍ വേതന-ആനുകൂല്യ വ്യവസ്ഥകളില്‍ മാറ്റമുണ്ട്. ആദ്യ വര്‍ഷത്തില്‍ പ്രതിമാസം 30,000 രൂപയാണ് വേതനമായി ലഭിക്കുക. 21,000 രൂപ അഗ്നിവീര്‍ കോര്‍പസ് ഫണ്ടിലേക്ക് പോകും. 9000 രൂപ സര്‍ക്കാര്‍ വിഹിതമായി ഫണ്ടിലേക്ക് ചേര്‍ക്കും. രണ്ടാം വര്‍ഷത്തില്‍ വേതനം 33,000 രൂപയായും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 36,500 രൂപ, 40,000 എന്നിങ്ങനെയായി ഉയരും. കോര്‍പസ് ഫണ്ടിലേക്കുള്ള തുകയിലും അതനുസരിച്ചുള്ള വര്‍ധനയുണ്ടാകും.

സേവന കാലാവധി പൂര്‍ത്തിയാകുമ്പോള്‍, ഈ തുക അതായത് 11 ലക്ഷത്തോളം രൂപ ആനുകൂല്യമായി ലഭിക്കും. 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും 50 ലക്ഷത്തിന്റെ സൈനിക ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷയും സൈനികര്‍ക്കുണ്ട്. ഇതല്ലാതെ, മറ്റു സൈനികര്‍ക്കുള്ളതുപോലെ, പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ അഗ്നിവീറുകള്‍ക്കില്ല. സേവനത്തിനിടെയോ അല്ലാതെയോ കൊല്ലപ്പെട്ടാലുള്ള ആജീവനാന്ത കുടുംബ പെന്‍ഷന്‍, സേവന കാലയളവില്‍ അംഗഭംഗം സംഭവിച്ചാലുള്ള പെൻഷന്‍, വിരമിച്ചശേഷം സൈനികനും കുടുബാംഗങ്ങള്‍ക്കും ലഭിക്കുന്ന മെഡിക്കല്‍ സേവനങ്ങള്‍, ഗ്രാറ്റുവിറ്റി, ലീവ് എന്‍കാഷ്മെന്റ്, വിമുക്ത ഭടന്‍ എന്ന പദവി, സൈനികന്റെയോ വിമുക്ത ഭടന്റെയോ കുടുംബത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന സംവരണം തുടങ്ങിയവയൊന്നും അഗ്നിവീറുകള്‍ക്ക് ലഭിക്കില്ല.

എന്താണ് അജയ് കുമാറിന്റെ കാര്യത്തില്‍ സംഭവിച്ചത്?

അഗ്നിവീര്‍ കൊല്ലപ്പെട്ടാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അജയ് കുമാറിന് അത് നല്‍കിയിട്ടുണ്ടെന്നുമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വാദം 1.65 കോടിയില്‍ 98.39 ലക്ഷം രൂപ നല്‍കിയതായി സൈന്യവും വ്യക്തമാക്കുന്നു. എന്നാല്‍ അത്തരമൊരു വാദം തെറ്റാണെന്നാണ് രാഹുല്‍ ഗാന്ധിയും അജയ് യുടെ കുടുംബാംഗങ്ങളും പറയുന്നത്. ഏതെങ്കിലും വിധത്തിലുള്ള സഹായധനം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. എന്നാല്‍ പഞ്ചാബ് സര്‍ക്കാര്‍ പണം നല്‍കിയെന്ന് അജയ് യുടെ പിതാവ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ രാഹുല്‍ പുറത്തുവിട്ടിരുന്നു.

അഗ്നിവീറുകള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായ 48 ലക്ഷവും, എസ്ബിഐ നല്‍കുന്ന സൈനിക ഗ്രൂപ്പ് ഇന്‍ഷുറന്‍സിന്റെ 50 ലക്ഷവും, സൈന്യം നല്‍കിയ 39,000 രൂപയും ചേര്‍ത്തുള്ള തുകയാണ് അജയിന് കൈമാറിയിട്ടുള്ളത്.അത് അദ്ദേഹത്തിന് അര്‍ഹതപ്പെട്ട ഇന്‍ഷുറന്‍സ് തുക മാത്രമാണ്, അല്ലാതെ സര്‍ക്കാര്‍ നല്‍കുന്ന ഏതെങ്കിലും വിധത്തിലുള്ള നഷ്ടപരിഹാരം അല്ലെന്ന വാദമാണ് രാഹുലും പ്രതിപക്ഷവും ഉന്നയിക്കുന്നത്. അതിനെ സാധൂകരിക്കുന്നതാണ് സര്‍ക്കാര്‍, സൈനിക രേഖകളും. രാഹുലിന്റ വാദങ്ങളെ പിന്തുണച്ചുകൊണ്ട് ഏതാനും മുന്‍ സൈനികരും രംഗത്തെത്തിയതോടെ, സര്‍ക്കാരിന്റെ പ്രതിരോധകോട്ടയാണ് തകര്‍ന്നുവീഴുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com