പരാജയങ്ങൾ ഏറെയായി, ഇനി നടപടികളിലേക്ക്; അടിയന്തര യോഗം ചേരാനൊരുങ്ങി കേരളാ കോൺഗ്രസ് എം

യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയവും തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയാവും
ജോസ് കെ മാണി
ജോസ് കെ മാണി
Published on

തെരഞ്ഞെടുപ്പിലെ തുടർ പരാജയങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികളെടുക്കാനൊരുങ്ങി കേരളാ കോൺഗ്രസ് എം. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താനും തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കുന്നതിനുമായി ജൂലൈ 12ന് പാർട്ടി കോട്ടയത്ത് അടിയന്തര യോഗം ചേരും. ഇടത് മുന്നണിക്കുള്ളിലെ പ്രശ്നങ്ങളും യോഗം ചർച്ച ചെയ്യും.

പരാജയങ്ങൾ ഏറെയായി, ഇനി ശ്രദ്ധിച്ചില്ലെങ്കിൽ കൈവിട്ടുപോകുമെന്ന സ്ഥിതിയിലാണ് കേരളാ കോൺഗ്രസ് എം. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ തിരുത്തലുകൾ ചർച്ച ചെയ്യുന്നതിനുമാണ് പാർട്ടി നേതൃത്വം 12ന് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. സ്വന്തം ബൂത്തുകളിലേത് ഉൾപ്പെടെയുള്ള വോട്ടിങ് നിലയുമായി അവലോകനത്തിന് എത്താനാണ് നേതാക്കൾക്ക് നിർദേശം.

പാർട്ടിയുടെ മണ്ഡലം പ്രസിഡൻ്റുമാരും ജില്ലാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും. പാർട്ടി ചെയർമാൻ ജോസ് കെ മാണി ചർച്ചകൾക്ക് നേതൃത്വം നൽകും. ഇടതുമുന്നണിയിൽ ഘടകകക്ഷികളുമായുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കാനുള്ള നീക്കങ്ങളും പാർട്ടി നടത്തും. നവകേരളാ സദസിൽ തോമസ് ചാഴിക്കാടനെ തിരുത്തിയ മുഖ്യമന്ത്രിയുടെ നടപടി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു.

ഈ കാര്യം കേരളാ കോൺഗ്രസും 12ന് ചേരുന്ന യോഗത്തിൽ പരിശോധിക്കും. ബിഡിജെഎസിലേക്ക് ഉൾപ്പെടെ ചോർന്ന പാർട്ടി വോട്ടുകളെപ്പറ്റിയും തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെപ്പറ്റിയും ചർച്ച ചെയ്യും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ, ഇത്തവണ മത്സരിക്കാൻ ഉദ്ദേശിക്കുന്ന സീറ്റുകളുടെ എണ്ണം, വിജയസാധ്യതയുള്ളവരുടെ പേരുകൾ എന്നിവ തയ്യാറാക്കാൻ മണ്ഡലം പ്രസിഡൻ്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com