
കിഡ്‌നി സ്റ്റോണിനെ തുടര്‍ന്നുള്ള വയറുവേദനയുമായാണ് തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി കൃഷ്ണയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് നല്‍കിയ കുത്തിവെപ്പിനു പിന്നാലെയാണ് കൃഷ്ണയുടെ നിലഗുരുതരമായതെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വെന്റിലേറ്ററിലായിരുന്ന കൃഷ്ണ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
നെയ്യാറ്റിന്‍കര ആശുപത്രിയില്‍വെച്ച് നല്‍കിയ കുത്തിവെപ്പിനു പിന്നാലെ ശ്വാസംമുട്ടലുണ്ടായതായി കൃഷ്ണയുടെ ഭര്‍ത്താവ് ശരത്ത് പറയുന്നു. കുത്തിവെപ്പ് നല്‍കുന്നതു വരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എന്ത് മരുന്നാണ് കൊടുത്തത് എന്ന് പോലും ചോദിച്ചിട്ട് ഡോക്ടര്‍മാര്‍ പറഞ്ഞില്ലെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു. ആളില്ലാതിരുന്ന സമയത്താണ് ഡോക്ടര്‍ കുത്തിവെപ്പെടുത്തത്. എന്ത് ഇഞ്ചക്ഷന്‍ ആണ് നല്‍കിയത് എന്ന് അറിയില്ലെന്നും ഭര്‍ത്താവ് പറഞ്ഞു.
നെയ്യാറ്റിന്‍കര ആശുപത്രിയിലെ കുത്തിവെപ്പാണ് അവസ്ഥ ഗുരതരമാക്കിയതെന്ന് കൃഷ്ണയുടെ സഹോദരന്‍ വിഷ്ണവും പറഞ്ഞു. ചെറിയൊരു ജീവന്‍ ബാക്കിയുണ്ടായിരുന്നതു കൊണ്ടാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. ഇഞ്ചക്ഷന്‍ എടുക്കുന്നതിനു തൊട്ടുമുമ്പ് പോലും കൃഷ്ണ അമ്മയോട് സംസാരിച്ചിരുന്നുവെന്നും സഹോദരന്‍ പറയുന്നു.
ആറ് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന കൃഷ്ണ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയ യുവതിക്ക് ഇഞ്ചക്ഷന്‍ നല്‍കിയിരുന്നു. ഇതിനു ശേഷം യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ബന്ധുക്കളുടെ പരാതിയില്‍ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തിരുന്നു.