അരിയിൽ ഷുക്കൂർ വധക്കേസ്: കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ; 'നിരപരാധിത്വം തെളിയിക്കും'

കേസിൽ അകാരണമായിട്ടാണ് തങ്ങളെ പ്രതി ചേർത്തത് എന്ന് ടി.വി. രാജേഷ് പറഞ്ഞു
അരിയിൽ ഷുക്കൂർ വധക്കേസ്: കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ; 'നിരപരാധിത്വം തെളിയിക്കും'
Published on

അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണാ നടപടികൾക്കിടെ കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ. അരിയിൽ ഷുക്കൂർ വധക്കേസിന്‍റെ വിചാരണാ നടപടികൾ എറണാകുളം സിബിഐ കോടതിയിൽ ആരംഭിച്ചിരുന്നു. കേസിൽ പ്രതികളായ പി.ജയരാജൻ , ടി.വി. രാജേഷ് എന്നിവർ അടക്കം 31 പ്രതികൾ കോടതിയിൽ ഹാജരായി. നിയമ സംവിധാനത്തിൽ വിശ്വാസം ഉണ്ടെന്നും, നിരപരാധിത്വം തെളിയിക്കുമെന്നും ടി. വി. രാജേഷ് പറഞ്ഞു.

ഇന്ന് രാവിലെയോടെയാണ് കുറ്റപത്രം കേൾക്കുന്നതിനായി എറണാകുളം കലൂർ സിബിഐ കോടതിയിൽ പ്രതികൾ എത്തിയത്. കുറ്റപത്രം കേട്ട പ്രതികൾ കോടതിയിൽ കുറ്റം നിഷേധിച്ചു. കേസിൽ മരണപ്പെട്ട രണ്ട് പ്രതികൾ ഒഴികെയുള്ള 31 പേരും ഇന്ന് കോടതിയിൽ ഹാജരായി. പ്രതികൾക്ക് എതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. കൊലപാതകത്തിൽ ഗൂഢാലോചന ആരോപിച്ചാണ് പി.ജയരാജൻ, ടി. വി. രാജേഷ് എന്നിവരെ പ്രതി ചേർത്തിരിക്കുന്നത്.


കേസിൽ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഇരുനേതാക്കളും സമർപ്പിച്ച വിടുതൽ ഹ‍ർജി സെപ്റ്റംബർ പത്തിന് വിചാരണക്കോടതി തള്ളിയിരുന്നു. കേസിൻ്റെ വിചാരണ നവംബറിൽ ആരംഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. എന്നാൽ കോടതി നടപടികൾക്ക് ശേഷം പുറത്തിറങ്ങിയ പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. കേസിൽ അകാരണമായിട്ടാണ് തങ്ങളെ പ്രതി ചേർത്തത് എന്ന് ടി.വി. രാജേഷ് പറഞ്ഞു.

മുസ്ലീംലീഗ് വിദ്യാർഥി വിഭാഗമായ എംഎസ്എഫിൻ്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി. ജയരാജൻ. ജയരാജനും രാജേഷും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വെച്ച് യൂത്ത് ലീഗ് പ്രവർത്തകർ അക്രമിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്കകം ചെറുകുന്ന് കീഴറയിൽ വെച്ചു ഷുക്കൂർ കൊല്ലപ്പെട്ടു. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്‌തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com