
സ്പെയ്നിൽ ഹോളിവുഡ് താരം ബ്രാഡ് പിറ്റെന്ന് പറഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ സന്ദേശമയച്ച് സ്ത്രീകളിൽ നിന്നും പണം തട്ടിയെടുത്ത അഞ്ച് പേർ അറസ്റ്റിൽ. 3,25000 യൂറോയാണ് രണ്ട് സ്ത്രീകളിൽ നിന്നായി ബ്രാഡ് പിറ്റ് എന്ന വ്യാജേന അഞ്ചംഗ സംഘം തട്ടിയെടുത്തത്.
ഫാൻ പേജുകളിൽ സ്ത്രീകൾക്ക് സന്ദേശമയച്ച്, ഇവർക്ക് ബ്രാഡ് പിറ്റിനോട് കടുത്ത ആരാധനയുണ്ടെന്ന് ഈ സംഘം മനസിലാക്കിയിരുന്നു. ഇതിന് ശേഷമാണ്, ബ്രാഡ് പിറ്റെന്ന് പറഞ്ഞ് വാട്സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഇവർ സന്ദേശമയച്ചത്. യഥാർഥ താരമാണെന്ന് വിശ്വസിപ്പിക്കുകയും, ഇവരുമായി പ്രണയത്തിലാണെന്നും, ഒരുമിച്ച് ജീവിക്കാമെന്നും വ്യാജ 'ബ്രാഡ് പിറ്റ്' സ്ത്രീകളെ വിശ്വസിപ്പിച്ചു. തുടർന്ന്, വ്യാജ പ്രൊജക്ടുകളിൽ പണം നിക്ഷേപിക്കാൻ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. സ്പെയ്നിലെ ആൻഡുലൂസിയയിലെ ഒരു സ്ത്രീയിൽ നിന്നും 175,000 യൂറോയും, ബാസ്ക് കൺട്രിയിലെ ഒരു സ്ത്രീയിൽ നിന്നും 150,000 യൂറോയുമാണ് ബ്രാഡ് പിറ്റെന്ന വ്യാജേന സംഘം തട്ടിയെടുത്തത്.
തട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് ആൻഡുലൂസിയയിൽ നിന്നും കണ്ടെത്തി. അന്വേഷണത്തിൻ്റെ ഭാഗമായി അഞ്ച് വീടുകളിൽ റെയ്‌ഡ് നടത്തിയ പൊലീസ് നിരവധി ഫോണുകളും, കമ്പ്യൂട്ടറുകളും, ബാങ്ക് കാർഡുകളും കണ്ടെടുത്തു. സ്ത്രീകളിൽ നിന്നും തട്ടിയെടുത്ത 85,000 യൂറോയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.