
മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമങ്ങൾ നല്കുന്നത് തെറ്റായ വാർത്തകൾ ആണ്. പിഡബ്ല്യുഡിയുമായി ഒരു ബന്ധമില്ലാത്ത റോഡുകൾ പിഡബ്ല്യുഡിയുടേതാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് മാധ്യമങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. സ്മാർട്ട് സിറ്റി റോഡുകൾ സംബന്ധിച്ചും സമാന പ്രചരണം മാധ്യമങ്ങൾ നടത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
സ്മാർട്ട് സിറ്റി റോഡുകൾ ഗതാഗത യോഗ്യമാക്കും എന്നത് സർക്കാർ ഉറപ്പ് നൽകിയ കാര്യമാണ്. സ്മാർട്ട് സിറ്റി റോഡുകൾ ഗതാഗതയോഗ്യമാക്കുക മാത്രമല്ല, നിലവിൽ നിരവധി അനുബന്ധ ജോലികളും ബാക്കിയുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അതിനിടയിൽ സർക്കാർ വാക്ക് പാലിച്ചില്ല എന്ന് പറഞ്ഞ് പ്രചരണം നടത്തുകയാണ് മാധ്യമങ്ങള്‍ എന്നും മന്ത്രി വിമർശിച്ചു.
സർക്കാർ പറഞ്ഞ വാക്ക് പാലിച്ച് ഗതാഗതയോഗ്യമാക്കിയ റോഡുകളെ പറ്റിയും തെറ്റിധാരണ പരത്തുന്നുണ്ട്. NH-66 മായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിക്കുവാൻ സംസ്ഥാനതലത്തിൽ യോഗം വിളിക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകവെയാണ് മന്ത്രിയുടെ വിമർശനം.