
ഉത്തർപ്രദേശ് മൊറാദാബാദിൽ 23കാരിയുടെ മരണത്തിന് കാരണം ഭർതൃപീഡനമെന്ന് കുടുംബം. ഭർതൃവീട്ടിൽ നേരിട്ട ക്രൂരത വിവരിക്കുന്ന അമ്രീന്റെ വീഡിയോ ഇതിനിടെ പുറത്തുവന്നു. ഭർത്താവിൽ നിന്നടക്കം അമ്രീൻ ക്രൂരമായ മാനസിക പീഡനം നേരിട്ടു എന്നത് വീഡിയോയിൽ വ്യക്തമാണ്.
നാല് മാസം മുൻപാണ് അമ്രീൻ ജഹാൻ വിവാഹിതയാവുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം അമ്രീന്റെ ഭർത്താവ് ജോലി ആവശ്യങ്ങൾക്കായി ബെംഗളൂരുവിലേക്ക് പോയി. പിന്നീട് ഭർത്താവിന്റെ കുടുംബത്തോടൊപ്പം മൊറാദാബാദിലാണ് യുവതി താമസിച്ചിരുന്നത്. ഗർഭം അലസിപ്പോയതിന് പിന്നാലെ ഭർതൃ വീട്ടിൽ നിന്നുണ്ടായ ഗാർഹിക പീഡനങ്ങളാണ് പെൺകുട്ടിയെ ജീവൻ ഒടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മരിക്കുന്നതിന് മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയിൽ അമ്രിൻ അത് വ്യക്തമാക്കുന്നുമുണ്ട്.
"എന്റെ ഭക്ഷണശീലത്തെ കുറിച്ച് അവർ എപ്പോഴും എന്നെ കുറ്റപ്പെടുത്തും. ചിലപ്പോൾ എന്റെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കും. ഭർതൃ സഹോദരിയും ഭർതൃപിതാവുമാണ് എന്റെ മരണത്തിന് ഉത്തരവാദികൾ. ഭർത്താവിനും ഭാഗികമായി പങ്കുണ്ട്. എല്ലാം എന്റെ കുറ്റമാണെന്നാണ് ഭർത്താവ് പറയുന്നത്. ഭർത്താവിനെ അവർ തെറ്റിദ്ധരിപ്പിച്ചു. എനിക്ക് ഇനി സഹിക്കാനാവില്ല"- അമ്രീൻ വേദനയോടെ പറയുന്നു.
ഭർതൃവീട്ടുകാർ നിരന്തരം മരിക്കാൻ സമ്മർദം ചെലുത്തിയതായും അമ്രീൻ ആരോപിക്കുന്നുണ്ട്. എന്തുകൊണ്ട് നീ മരിക്കുന്നില്ല എന്നതായിരുന്നു ഭർത്താവിന്റെ ചോദ്യമെന്നും 23കാരി വീഡിയോയിൽ പറയുന്നു. മരിച്ചാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ല, എന്തായാലും ഈ സാഹചര്യത്തേക്കാൾ നല്ലതായിരിക്കുമെന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
മകളുടെ മരണത്തിന് ഉത്തരവാദികളായവർക്ക് തക്കതായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് അമ്രീന്റ പിതാവ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഭർതൃവീട്ടുകാരുടെ പീഡനത്തിൽ നിന്ന് തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്രീൻ പലതവണ സഹായം തേടിയതായും അച്ഛൻ പരാതിയിൽ പറയുന്നു.