
തിരുവനന്തപുരത്ത് റിട്ടയേർഡ് നഴ്സിങ് അസിസ്റ്റൻ്റിൻ്റെ മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി കുടുംബം. നെയ്യാറ്റിൻകര ധനുവച്ചപുരം സ്വദേശി സെലീനാമ്മയുടെ (75) മരണത്തിലാണ് ദുരൂഹത ആരോപിക്കുന്നത്.
മൃതദേഹം കുളിപ്പിക്കുമ്പോൾ കഴുത്തിലും മറ്റു ശരീരഭാഗങ്ങളിലും മുറിവും ചതവും കണ്ടതിനെ തുടർന്ന് കുടുംബം പരാതി നൽകിയിട്ടുണ്ട്. എട്ട് ദിവസം മുമ്പാണ് ധനുവച്ചപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന സെലീനാമ്മയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് മകനെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു.
ആദ്യം സ്വാഭാവിക മരണം ആണെന്നാണ് കരുതിയത്. മൃതദേഹം കുളിപ്പിക്കുന്നതിനിടെ കണ്ടെത്തിയ മുറിവുകളാണ് ദുരൂഹതയിലേക്ക് വഴി വെച്ചത്.സംസ്കാര ചടങ്ങിന് ശേഷമാണ് ഈ വിവരം മകൻ രാജൻ അറിയുന്നത്. മുറി പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ ഉൾപ്പെടെ നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്. മകൻ്റെ പരാതിയിൽ പാറശാല പൊലീസ് കേസെടുത്തിട്ടുണ്ട്.