കണ്ണൂർ പാനൂരിലെ ഹാഷിറിൻ്റെ മരണം; പിന്നിൽ ലഹരി മാഫിയ, പി.വി. അൻവറിൻ്റെ ആരോപണം ശരിവെച്ച് കുടുംബം

ഹാഷിറിനെ കൊലപ്പെടുത്തിയത് ലഹരി മാഫിയയുടെ രഹസ്യം മനസിലാക്കിയത് കൊണ്ടാണെന്നും കുടുംബം പറഞ്ഞു.
കണ്ണൂർ പാനൂരിലെ ഹാഷിറിൻ്റെ മരണം; പിന്നിൽ ലഹരി മാഫിയ, പി.വി.
അൻവറിൻ്റെ ആരോപണം ശരിവെച്ച് കുടുംബം
Published on

കണ്ണൂർ പാനൂരിലെ ഹാഷിറിൻ്റെ മരണത്തിന് പിന്നിൽ ലഹരി മാഫിയ ആണെന്ന പി.വി. അൻവറിൻ്റെ ആരോപണം ശരിവെച്ച് കുടുംബം. അൻവർ ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെയാണ് ഹാഷിറിൻ്റെ മരണം വീണ്ടും ചർച്ചയാകുന്നത്. ഹാഷിറിനെ കൊലപ്പെടുത്തിയത് ലഹരി മാഫിയയുടെ രഹസ്യം മനസിലാക്കിയത് കൊണ്ടാണെന്നും കുടുംബം പറഞ്ഞു.

മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബത്തിൻ്റെ കാത്തിരിപ്പ് 7 വർഷത്തോളമായി തുടരുന്നു. 2017 ഡിസംബർ 22നാണ് പെരിങ്ങത്തൂർ ബാവിച്ചി റോഡിലെ പയലത്ത് വീട്ടിൽ അബ്ദുള്ളയുടെയും അഫ്‌സത്തിൻ്റെയും മകൻ ഹാഷിർ മരിക്കുന്നത്. പാനൂർ സെഹ്‌റ കോളേജ്  വിദ്യാർഥിയായ ഹാഷിർ ഉച്ചയ്ക്ക് 1.15 ന് കോളേജിന് സമീപത്തെ കടയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

പാനൂർ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കുട്ടിയുടെ ദേഹത്ത് പരുക്കേറ്റ പാടുകൾ ഉണ്ടായിരുന്നെന്ന് രക്ഷിതാക്കൾ പറയുന്നു. ഇതാണ് ഹാഷിറിൻ്റെ മരണത്തിൽ ബന്ധുക്കൾക്ക് സംശയം തോന്നാനിടയായ കാരണം. പാനൂർ പള്ളി ഖബർസ്ഥാനിൽ കൊണ്ടുപോയി ഒരുകൂട്ടം ആളുകള്‍ മർദിച്ചുവെന്നും ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും കുടുംബം പറഞ്ഞു. മരണപ്പെടുന്ന ദിവസം ഒരു പൾസർ ബൈക്കുമായാണ് ഹാഷിർ വീട്ടിലേക്ക് വന്നത്, ഈ ബൈക്ക് വീടിന് സമീപത്തെ ഇടവഴിയിലായിരുന്നു പാർക്ക് ചെയ്തിരുന്നത്. സുഹൃത്ത് നൽകിയ ബൈക്കാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്.


തുടർന്ന് ഉറങ്ങാൻ കിടന്ന ഹാഷിറിനെ പത്തോളം പേരടങ്ങുന്ന സംഘം വിളിച്ചുണർത്തി സംസാരിച്ചിരുന്നു. പിന്നീട് ബൈക്ക് അവിടെ നിന്ന് മാറ്റി ഹാഷിറിന് ബൈക്ക് നൽകിയ ആൾ തന്നെയാണ് ഇത് തിരിച്ചു കൊണ്ടുപോയത്. ഈ സംഭവത്തിന്‌ പിന്നാലെയാണ് ഹാഷിറിന് ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നാട്ടിൽ പ്രചാരണം നടക്കുന്നത്. ഇതിനെ തുടർന്ന് കൗൺസിലിംഗിന് കൊണ്ടുപോയതായും മാതാപിതാക്കൾ പറയുന്നു. ഡിസംബർ 3 മുതൽ മരിക്കുന്ന 22 വരെ ഭയപ്പാടോടെയാണ് മകൻ കഴിഞ്ഞതെന്നും രക്ഷിതാക്കൾ പറഞ്ഞിരുന്നു.

ഹാഷിർ മരിച്ചതിന് പിന്നാലെ ഒരു സുഹൃത്ത് നാടുവിട്ടുപോയത് പരാതിയിൽ ഉന്നയിച്ചെങ്കിലും അന്വേഷണമുണ്ടായില്ല. ഹാഷിറിന്‍റെ പിതാവ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമമുണ്ടായത് പൊലീസിനെ അറിയിച്ചെങ്കിലും അവഹേളിക്കുകയായിരുന്നെന്നും കുടുംബം പറയുന്നു. ഹാഷിറിൻ്റെ മരണത്തിൽ ലഹരി ഇടപാടുകളുടെ ഒരു സൂചന പോലും പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടില്ല. ഹാഷിറിനെ ആരെങ്കിലും മർദിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. ഇക്കാര്യം കാണിച്ച് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ ഡിവൈഎസ്‌പി, വിവി ബെന്നിയായിരുന്നു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ. പൊലീസ് നടത്തിയ അന്വേഷണത്തിന്റെ മുഴുവൻ വിവരങ്ങളും കോടതിയിൽ നൽകിയെന്ന് അന്നത്തെ പാനൂർ സിഐ ആയിരുന്ന ബെന്നി പറഞ്ഞു. ഡിസംബർ 3 ന് ഹാഷിർ വീട്ടിലേക്ക് കൊണ്ടുവന്ന KL13 H 5216നമ്പർ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുമെന്നാണ് കുടുംബം പറയുന്നത്. എന്നാൽ സംഭവം നടന്ന് 7 വർഷം പൂർത്തിയാകുമ്പോഴും ആ ബൈക്കിനെ കുറിച്ച് ഒരു വിവരവുമില്ല. ഡിസംബർ 3 ന് ഹാഷിർ ഒരു കാർ വേഗത്തിൽ പോകുന്നത് കണ്ടെന്നും അതിൽ എന്തോ ദുരൂഹമായി കണ്ടതിനെ തുടർന്നാണ് കൊല്ലപ്പെട്ടതെന്നും മാതാവ് അഫ്സത്ത് പറയുന്നു.

ALSO READ: മലപ്പുറം വിവാദ പരാമര്‍ശം: "തെറ്റ് പി.ആർ ഏജൻസിയുടേത്, മാധ്യമ ധാര്‍മികതയ്ക്ക് നിരക്കാത്തത്", ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു'


പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ തെളിവുകൾ ഇല്ലാതിരുന്നിട്ടും മകൻ മരിച്ചത് മയക്കുമരുന്ന് ഉപയോഗം കൊണ്ടാണെന്ന് പ്രചരിപ്പിച്ചെന്നാണ് അബ്ദുള്ളയും അഫ്സതും പറയുന്നത്. കെമിക്കൽ, ഫോറൻസിക് പരിശോധന ഫലങ്ങളും ഇതുവരെ കുടുംബത്തിന് ലഭിച്ചിട്ടില്ല. ഇപ്പോഴും മയക്കുമരുന്നിന് അടിമയായി മരിച്ച കുട്ടിയുടെ രക്ഷിതാക്കൾ എന്ന നിലയിൽ വിലക്ക് നേരിടുന്നെന്നും കുടുംബത്തിന് പരാതിയുണ്ട്. മകന്റെ മരണം ലഹരി ഉപയോഗം മൂലമല്ലെന്ന് തെളിയണമെന്നും അവന് എന്ത് സംഭവിച്ചെന്ന് അറിയണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.

മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട ദുരൂഹതകൾ മരണത്തിന് പിന്നിലുണ്ടെന്ന് കുടുംബം ആരോപിക്കുകയും എന്നാൽ അത്തരത്തിൽ ഒന്നും അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറയുകയും ചെയ്യുന്ന കേസാണ് പി വി അൻവർ കഴിഞ്ഞ ദിവസം പരാമർശിച്ചത്. ഹാഷിറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും മയക്കുമരുന്ന് ഇടപാടുകൾ ചേർത്തുവായിക്കപ്പെടുന്നുണ്ട്. ആദ്യ അന്വേഷണത്തിൽ പൊലീസ് പരാമർശിക്കാതിരുന്ന ഇക്കാര്യം പുതിയ സാഹചര്യത്തിലെങ്കിലും പുറത്തുവരുമെന്ന പ്രതീക്ഷയാലാണ്  കുടുംബം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com