കൊല്ലം കൊട്ടിയത്ത് ജപ്തി നേരിട്ട് കുടുംബം; ആറംഗ കുടുംബം 9 ദിവസമായി കഴിയുന്നത് വീട്ടുമുറ്റത്ത്

സർഫാസി ആക്ട് മൂലം ആരെയും പുറത്താക്കരുതെന്ന് മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞിരുന്നെങ്കിലും ഇത് വകവെയ്ക്കാതെയാണ് കേരള ബാങ്കിൻ്റെ നടപടി
കൊല്ലം കൊട്ടിയത്ത് ജപ്തി നേരിട്ട് കുടുംബം; ആറംഗ കുടുംബം 9 ദിവസമായി കഴിയുന്നത് വീട്ടുമുറ്റത്ത്
Published on

കൊല്ലം കൊട്ടിയത്ത് കേരളാ ബാങ്കിൻ്റെ ജപ്തി നടപടി മൂലം ഒൻപത് ദിവസമായി വീട്ട് മുറ്റത്ത് കഴിയുകയാണ് ആറംഗ കുടുംബം. സർഫാസി ആക്ട് മൂലം ആരെയും പുറത്താക്കരുതെന്ന് മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞിരുന്നെങ്കിലും ഇത് വകവെയ്ക്കാതെയാണ് കേരള ബാങ്കിൻ്റെ നടപടി. പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരാണ് അധികൃതരുടെ കനിവ് തേടി വീട്ടുമുറ്റത്ത് കിടക്കുന്നത്.


വീട് ഈടാക്കിയുള്ള വായ്പകളിൽ വീട് ജപ്തി ചെയ്യരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശം വന്നതിന് പിന്നാലെയാണ് കൊട്ടിയത്ത് നിന്നുള്ള വാർത്ത പുറത്തുവരുന്നത്. മൂത്ത മകളുടെ കല്യാണത്തിനായാണ് വിനേശനെന്ന ഗൃഹനാഥൻ കൊല്ലം കൊട്ടിയത്തെ കേരളാ ബാങ്കിൽ നിന്നും ഏഴ് ലക്ഷം രൂപ വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ പിഴയും പിഴപലിശയും ചേർത്ത് 11.5 ലക്ഷം രൂപയായി.

ഇതാണ് ജപ്തിയിൽ കലാശിച്ചത്. മരപ്പണി നടത്തി കുടുംബം പോറ്റിയിരുന്ന വിനേശൻ്റെ കാഴ്ചയ്ക്ക് തകരാറ് സംഭവിച്ചത് കുടുംബത്തിൻ്റെ പ്രതീക്ഷകൾ ഇല്ലാതാക്കി. വീട് ജപ്തി ചെയ്യുമ്പോൾ കയ്യിൽ കിട്ടിയതൊക്കെ പുറത്തേക്ക് വലിച്ചിട്ടെങ്കിലും കുട്ടികളുടെ സാധനങ്ങൾ പലതും ഉള്ളിലാണ്. വീട്ടു മുറ്റത്ത് കിടന്നുറങ്ങുന്ന കുഞ്ഞുങ്ങൾ കാവലിരുന്നാണ് വിനേശൻ നേരം വെളുപ്പിക്കുന്നത്. വൈദ്യുതി വെട്ടം പോലുമില്ലാത്ത മുറ്റത്ത് പത്താം ദിവസവും ഇവർ വീട് തുറന്ന് നൽകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. കോടതി ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നാണ് ബാങ്കിൻ്റെ വിശദീകരണം.



കഴിഞ്ഞ ദിവസമാണ് സഹകരണബാങ്കിൽ നിന്നെടുത്ത വായ്പയ്ക്ക് ഈട് വീടാണെങ്കിൽ ജപ്തി പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കിയത്. അവരെ വഴിയാധാരമാക്കുന്ന രീതി സ്വീകരിക്കാൻ പാടില്ല. സഹകരണ ബാങ്കുകൾക്ക് ഇക്കാര്യത്തിൽ പൊതു നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.  ജപ്തി ചെയ്യുന്നതിനായി വീടിനു മുൻപിൽ ബോർഡ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ വീട്ടുകാരെ ജീവനൊടുക്കാൻ തള്ളിവിടുന്നുണ്ടെന്ന കാര്യം സി.ആർ. മഹേഷ്, തോമസ് കെ.തോമസ് എന്നീ എംഎൽഎമാരാണ് സഭയുടെ ശ്രദ്ധയിൽപെടുത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com