പൊലീസുകാർക്കിടയിലെ ആത്മഹത്യക്ക് പ്രധാന കാരണം കുടുംബ പ്രശ്നം: മുഖ്യമന്ത്രി

സർക്കാർ വിഷയം ലഘൂകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
പൊലീസുകാർക്കിടയിലെ ആത്മഹത്യക്ക് പ്രധാന കാരണം കുടുംബ പ്രശ്നം: മുഖ്യമന്ത്രി
Published on

പൊലീസുകാർക്കിടയിലെ ആത്മഹത്യക്ക് പ്രധാന കാരണം ജോലിസമ്മർദ്ദം അല്ലെന്ന് മുഖ്യമന്ത്രി. കുടുംബ പ്രശ്നങ്ങളും, സാമ്പത്തിക പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ, സംസ്ഥാനത്തെ പൊലീസുകാരുടേത് ദുരിത-നരക ജീവിതമെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ ആരോപിച്ചു. സർക്കാർ വിഷയം ലഘൂകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഔദ്യോഗിക ജീവിതത്തിലെ സമ്മർദ്ദവും, ജോലിഭാരവും കാരണം സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്ന ഗുരുതര സാഹചര്യം, സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. പിസി വിഷ്ണുനാഥ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. ജോലി സമ്മർദ്ദമുണ്ടെന്ന കാര്യം സമ്മതിച്ച മുഖ്യമന്ത്രി, ആത്മഹത്യയ്ക്ക് പ്രധാന കാരണം കുടുംബ പ്രശ്നമാണെന്ന് ആരോപിച്ചു.

ആത്മഹത്യാ പ്രവണത കുറയ്ക്കാൻ കൗൺസിലിംഗ്, യോഗ തുടങ്ങിയവ നടത്തിവരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിംഗ് നടത്തുന്നു. പൊലീസ് വെൽഫയർ ബ്യൂറോ രൂപീകരിച്ചു. അർഹമായ ലീവുകൾ നൽകുന്നതിന് സംസ്ഥാന പൊലീസ് മേധാവി സർക്കുലറിലൂടെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറ് ദിവസത്തിനകം അഞ്ച് പൊലീസുദ്യോഗസ്ഥർ ആത്മഹത്യ ചെയ്തതെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. എട്ടുമണിക്കൂർ ഡ്യൂട്ടി പൊലീസുകാർക്ക് സ്വപ്നം കാണാൻ പോലും കഴിയുന്നില്ല. പൊലീസുകാർക്ക് ഡ്യൂട്ടി സമയത്തിനിടയിൽ യോഗ ചെയ്യാൻ എവിടുന്നാണ് സമയം. സമയത്തിന് ആഹാരമോ ഉറക്കമോ ഇല്ല. പൊലീസുകാരുടെത് ദുരിത- നരക ജീവിതമാണെന്നും, ശരാശരി 44 പൊലീസുകാരെ വച്ചാണ് 118 പൊലീസുകാരുടെ ജോലി ചെയ്യിക്കുന്നതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

സേനയിൽ ആത്മഹത്യ വർധിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. 8 മണിക്കൂർ ജോലി ചില സ്റ്റേഷനുകളിൽ നടപ്പാക്കിയിട്ടുണ്ടെന്നും, അത് വ്യാപിപ്പിക്കുമെന്നും, പൊലീസ് സ്റ്റേഷനുകളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ഈ വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി മുൻനിർത്തി അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com