
സിനിമാതാരങ്ങളായ വിജയ്, തൃഷ എന്നിവർക്കെതിരെ കടുത്ത സൈബർ ആക്രമണം. നടി കീർത്തി സുരേഷിൻ്റെ വിവാഹ ചടങ്ങിന് ഒരുമിച്ചെത്തിയത് ചൂണ്ടിക്കാട്ടിയും ചാർട്ടേഡ് വിമാനത്തിൽ ഇരുവരും ഒരുമിച്ചെത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുമാണ് സൈബർ ആക്രമണം. മറുപടികളുമായി സമൂഹമാധ്യമങ്ങളിൽ വിജയ് - തൃഷ ഫാൻസും രംഗത്തുണ്ട്.
രണ്ട് ദിവസം മുമ്പ് നടന്ന നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് തൃഷയ്‌ക്കൊപ്പം തമിഴ് സൂപ്പർതാരവും തമിഴ് വെട്രി കഴകം നേതാവുമായ വിജയ് ഗോവയിലേക്ക് യാത്ര ചെയ്തു എന്ന് പറഞ്ഞുള്ള ഏതാനും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ വിജയിന്റെ ഭാര്യ സംഗീതയോട് നീതി പുലര്‍ത്തണം എന്നാവശ്യപ്പെട്ട് 'ജസ്റ്റിസ് ഫോര്‍ സംഗീത' എന്ന ഹാഷ് ടാഗും എക്സിൽ ട്രെൻഡിങ് ആയി.
വിജയുടെയും തൃഷയുടേയും എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ചിത്രങ്ങളും വീഡിയോയും വൈറലായതോടെ കടുത്ത സൈബർ ആക്രമണം ഇരു താരങ്ങൾക്കും നേരെ നടക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വിജയ്‌യെ പരിശോധിക്കുന്നതും ഇരുവരും വിമാനത്തിലേക്ക് കയറുന്നതും വീഡിയോയില്‍ കാണാം.
ചെന്നൈ എയര്‍പോര്‍ട്ടില്‍നിന്ന് ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ആറ് യാത്രക്കാരുടെ പേരുകള്‍ ഉൾപ്പെടുത്തിയ രേഖയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒന്നാമത്തെ യാത്രക്കാരനായി വിജയും രണ്ടാമത്തെയാളായി തൃഷയുടെ പേരുമാണുള്ളത്.
എന്നാൽ തമിഴ് വെട്രി കഴകം നേതാവായതിനാൽ തീർത്തും രാഷ്ട്രീയ പകപോക്കലാണെന്നാണ് വിലയിരുത്തൽ. വിജയ് - തൃഷ, സൗഹൃദത്തെ തെറ്റായി ചിത്രീകരിക്കരുതെന്നാണ് വിജയ് ഫാൻസിന്റെ പ്രതികരണം. വിജയിന്റെ പിറന്നാള്‍ ദിനത്തില്‍ തൃഷ പങ്കുവെച്ച ചിത്രത്തിന്റെ പേരിൽ മുൻപും രണ്ടുപേരും സൈബർ ആക്രമണം നേരിട്ടിരുന്നു.