
നെല്‍പ്പാടങ്ങളില്‍ ചിത്രങ്ങള്‍ വിളയിക്കുകയാണ് തായ്‌ലന്‍റിലെ ഒരു യുവ കർഷകന്‍. അഞ്ചുകണ്ണും, നാലുചെവിയും ഒക്കെയുള്ള അപൂർവ ജീവികളാണ് തന്യാപോങ് ജെയ്‌ഖാമെന്ന യുവകർഷകൻ്റെ പാടത്ത് പ്രദർശനത്തിനുള്ളത്. സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുള്ള ഈ കലാസൃഷ്ടി പ്രതിനീധീകരിക്കുന്നത് ഒരു പ്രളയകാലത്തെയാണ്.
വടക്കന്‍ തായ്‌ലന്‍റിലെ അഞ്ചേക്കർ നെല്‍പ്പാടത്ത് തന്യാപോങ് വിളയിച്ചെടുത്തത് അപൂർവ്വമായൊരു കാഴ്ചയാണ്. ചുവന്ന ഡ്രാഗണും, അഞ്ചുകണ്ണും നാലുചെവിയുമുള്ള പൂച്ചയും- നായ്‌കുട്ടികളും ചേർന്നുള്ള ചിത്രപ്രദർശനം. ഫാക്ടറിതൊഴിലാളിയായ പോങ്, ഇങ്ങനെയൊരു കൃഷി പരീക്ഷണത്തിനിറങ്ങിയതിന് പിന്നിലൊരു കാരണമുണ്ട്.
2024 സെപ്റ്റംബറില്‍ വടക്കന്‍ തായ്‌ലന്‍റിലെ ആയിരങ്ങളെ ദുരിതത്തിലാക്കിയ പ്രളയദുരന്തമാണ് പൊങ് തന്‍റെ കലാസൃഷ്ടിയിലൂടെ വരച്ചുകാട്ടുന്നത്. ചുവന്ന ഡ്രാഗണും പൂച്ചദേവതയും ചാന്ദ്ര പുതുവർഷത്തിന്‍റെ അവസാനത്തെ അടയാളപ്പെടുത്തുമ്പോള്‍ ഒപ്പമുള്ള നായ്ക്കുട്ടികളും പൂച്ചക്കുട്ടികളുമെല്ലാം പ്രളയത്തിലൊറ്റപ്പെട്ടുപോയ, രക്ഷകാത്തുകിടക്കുന്ന ഓമനമൃഗങ്ങളുടെ പ്രതിനിധികളാണ്. ജപ്പാനില്‍ ടാംബോ എന്നറിയപ്പെടുന്ന നെല്‍വയല്‍ ചിത്രകലയാണ് തന്യാപോങിന്‍റെ പ്രചോദനം.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് തന്യാപോങും സംഘവും തയ്യാറെടുപ്പുകളാരംഭിച്ചത്. ആദ്യം എഐയുടെ സഹായത്തോടെ ചിത്രങ്ങള്‍ വരച്ചു. ജിപിഎസിന്‍റെ സഹായത്തോടെ പാടത്തേക്ക് പകർത്തി. കൃത്യത ഉറപ്പാക്കാന്‍ കയറുകെട്ടി ഒരോഭാഗവും അടയാളപ്പെടുത്തി. വിവിധ നെല്ലിനങ്ങള്‍ സൂക്ഷ്മതയോടെ പാടത്തു നട്ടുപിടിപ്പിച്ചു. ഏകദേശം 20 കിലോഗ്രാം നെൽവിത്തുകളാണ് ഇതിനുവേണ്ടിവന്നത്.
ഡിസംബറോടെ തന്യാപോങ്ങിൻ്റെ ഡ്രാഗന്‍ ഫീല്‍ഡ് പ്രദർശനത്തിന് തയ്യാറായി. ഇന്ന് വിദൂരപ്രദേശങ്ങളില്‍ നിന്നുവരെ സന്ദർശകരുടെ ഒഴുക്കാണ് ഇവിടേക്ക്. ഫെബ്രുവരി വരെ മാത്രമേ പാടത്തേക്ക് കാണികള്‍ക്ക് പ്രവേശനമുണ്ടാകൂ എന്നാണ് പോങ് പറയുന്നത്. അതിനുശേഷം വിളവെടുപ്പുകാലമാണ്.