"നഷ്ടം ലക്ഷങ്ങൾ, കൃഷിയിൽ നിന്ന് പിന്തിരിയേണ്ടി വരും"; ചെങ്ങന്നൂരിലെ കർഷകരെ ഗതികേടിലാക്കി കാട്ടുപന്നി ശല്യം

ഏക്കറ് കണക്കിന് സ്ഥലത്തെ കാർഷിക വിളകളാണ് കൂട്ടമായെത്തുന്ന കാട്ടുപന്നികൾ നശിപ്പിക്കുന്നത്
"നഷ്ടം ലക്ഷങ്ങൾ, കൃഷിയിൽ നിന്ന് പിന്തിരിയേണ്ടി വരും"; ചെങ്ങന്നൂരിലെ കർഷകരെ ഗതികേടിലാക്കി കാട്ടുപന്നി ശല്യം
Published on

കർഷകരെ ദുരിതത്തിലാക്കി ചെങ്ങന്നൂർ മേഖലയിലെ കാട്ടുപന്നി ശല്യം. ചെങ്ങന്നൂർ നഗരസഭയുടെ കിഴക്കൻ മേഖലയിലാണ് കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്നത്. കൂട്ടമായെത്തുന്ന കാട്ടുപന്നികൾ, ഏക്കറ് കണക്കിന് സ്ഥലത്തെ കാർഷിക വിളകൾ നശിപ്പിക്കുകയാണ്. പന്നിശല്യം ഒഴിവാക്കുവാൻ അധികൃതർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ കൃഷി ഉപേക്ഷിക്കണമെന്ന ഗതികേടിലാണ് ചെങ്ങനൂരിലെ കർഷകർ.

പ്രളയത്തിന് ശേഷമാണ് ഈ മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമായത്. കാടുകയറിയ സ്ഥലങ്ങളെല്ലാം പന്നികളുടെ വിഹരകേന്ദ്രമായി മാറിയിരിക്കുകയാണ്. ചെങ്ങന്നൂർ ഇടനാട് കള്ളാലി പാറയ്ക്ക് സമീപം കഴിഞ്ഞ ദിവസം മൂന്ന് ഏക്കർ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. സുരേഷ് കുമാർ, ശശിധരൻ പിള്ള, ഉത്തമകുമാർ എന്നിവർ ചേർന്ന കൃഷി ചെയ്ത കപ്പ, വാഴ, ചേന , ചേമ്പ്, കിഴക്കങ്, പാവൽ , പയർ തുടങ്ങിയവയാണ് പന്നികൾ നശിപ്പിച്ചത്. പാട്ടത്തിനെടുത്ത സ്ഥലത്തെ കൃഷി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടം ഇവർക്കുണ്ടായി.

ഓണവിപണി ലക്ഷ്യമിട് ഇറക്കിയ വിളകളാണ് നശിപ്പിച്ചവയിൽ ഏറെയും. നഗരസഭ ഉൾപ്പെടെയുള്ള അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കൃഷിയിൽ നിന്നും പിന്തിരിയുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് കർഷകർ പറയുന്നു. നഗരസഭ ചെയർപേഴ്സൻ്റെ ഉത്തരവിൽ പന്നികളെ വെടിവെച്ച് കൊല്ലുവാൻ നിയമം ഉണ്ടെങ്കിലും ലൈസൻസുള്ള ഷൂട്ടർ മാരുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

ചെങ്ങന്നൂരിന് പുറമെ പുറമേ മുളക്കുഴ, വെൺമണി, തുടങ്ങിയ സമീപ പഞ്ചായത്തുകളിലും പന്നിശല്യം രൂക്ഷമാണ്. പന്നികൾ പെരുകുന്നതോടെ രാത്രി സഞ്ചാരത്തിന് പോലും പ്രാദേശവാസികൾ ഭയക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. എത്രയും പെട്ടെന്ന് കാട്ടുപന്നികളെ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com