"ബിജെപിയെ പുറത്താക്കാൻ പിഡിപിയുമായി സഖ്യം ചേരാൻ തയ്യാർ"; കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള

തെരഞ്ഞെടുപ്പിൽ എതിരാളികളാണെങ്കിലും മറ്റു പാർട്ടികളുമായി സഖ്യം ചേരാൻ  നാഷണൽ കോൺഫറൻസിന് എതിർപ്പില്ലെന്ന് നേതാവ് വ്യക്തമാക്കി.
"ബിജെപിയെ പുറത്താക്കാൻ പിഡിപിയുമായി സഖ്യം ചേരാൻ തയ്യാർ"; കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള
Published on



ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുമായി സഖ്യം ചേരാൻ നാഷണൽ കോൺഫറൻസ് (എൻസി) തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. പിഡിപിയുമായി സഖ്യം ചേരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ചുകൊണ്ടായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന. സംസ്ഥാനത്തെ ജനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായാണ് എല്ലാ പാർട്ടികളും പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പിൽ എതിരാളികളാണെങ്കിലും ഇവരുമായി സഖ്യം ചേരാൻ  നാഷണൽ കോൺഫറൻസിന് എതിർപ്പില്ലെന്ന് നേതാവ് വ്യക്തമാക്കി.

സഖ്യം തെരഞ്ഞെടുപ്പിൽ വിജയിച്ചാലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉണ്ടാവില്ലെന്ന് 86 കാരനായ ഫറൂഖ് അബ്ദുള്ള ഉറപ്പിച്ച് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനമല്ല, മറിച്ച് എങ്ങനെ ഒരു മികച്ച സർക്കാർ ഉണ്ടാക്കമെന്നതാണ് തൻ്റെ വിഷയമെന്ന് നേതാവ് വ്യക്തമാക്കി.

" സർക്കാർ സൃഷ്ടിക്കാൻ പിന്തുണയ്‌ക്കായി തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര നിയമനിർമാതാക്കളെ സമീപിക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ല. എന്നാൽ അതിനായി ഞാൻ അവരുടെ മുന്നിൽ യാചിക്കില്ല. അവർക്ക് സംസ്ഥാനത്തെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് തോന്നുന്നുവെങ്കിൽ, സഖ്യം ചേരാം," നേതാവ് പറഞ്ഞു.

കശ്മീർ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകൾ തൂക്കു നിയമസഭയുണ്ടാകുമെന്നാണ് നിർദേശിക്കുന്നത്. എൻസി-കോൺഗ്രസ് സഖ്യം കൂടുതൽ സീറ്റുകൾ നേടുമെങ്കിലും 90 അംഗ സഭയിൽ 46 എംഎൽഎമാരുടെ ഭൂരിപക്ഷത്തിൻ്റെ കുറവുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. നാലിനും പന്ത്രണ്ടിനും ഇടയിൽ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്ന പിഡിപി സംസ്ഥാനം ആര് ഭരിക്കുമെന്ന കാര്യത്തിൽ നിർണായക പങ്ക് വഹിച്ചേക്കും.


ശ്രീനഗർ ലാൽ ചൗക്ക് മണ്ഡലത്തിലെ സ്ഥാനാർഥി സുഹൈബ് യൂസഫ് മിർ, എൻസി-പിഡിപി സഖ്യം ചേരണമെന്ന ആശയം മുന്നോട്ടുവച്ചു. സംസ്ഥാനത്ത് ബിജെപി അധികാരം പിടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എൻസിയും കോൺഗ്രസുമായി ചേരാൻ പിഡിപി തയ്യാറാണെന്നും മിർ പറഞ്ഞു.

"ഒരു മതേതര സർക്കാർ രൂപീകരിക്കുന്നതിൽ പിഡിപിക്ക് പ്രധാന പങ്കുണ്ട്. കശ്മീരിൻ്റെ സ്വത്വം സംരക്ഷിക്കാൻ ഏത് നടപടിയും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ഇതിനായി ഞങ്ങൾ ബിജെപിക്കെതിരെ സർക്കാർ രൂപീകരിക്കുകയെന്നതാണ് പ്രധാനം," യൂസഫ് മിർ പറഞ്ഞു.

അതേസമയം, പിഡിപിയിലെ എല്ലാവർക്കും സമാന കാഴ്ചപ്പാടല്ലെന്നതും ശ്രദ്ധേയമാണ്. ഫലപ്രഖ്യാപനത്തിന് മുൻപുള്ള സഖ്യത്തെക്കുറിച്ചുള്ള സംസാരങ്ങൾ അനാവശ്യമാണെന്നായിരുന്നു പാർട്ടി മേധാവി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജയുടെ പ്രസ്താവന. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com