'ഒരു തോക്കിൻ്റെ ഉണ്ട മതി ഒരാളുടെ ജീവിതം അവസാനിപ്പിക്കാൻ, സുരക്ഷ ഉറപ്പാക്കണം'; ഫാദർ ഡേവിസ് ജോർജിൻ്റെ സഹോദരൻ

ഫാദർ ഡേവിസ് ജോർജ് അടക്കമുള്ളവർക്ക് ഭീഷണിയുണ്ടെന്നും സഹോദരൻ ജോബി തേറാട്ടിൽ പറഞ്ഞു
'ഒരു തോക്കിൻ്റെ ഉണ്ട മതി ഒരാളുടെ ജീവിതം അവസാനിപ്പിക്കാൻ, സുരക്ഷ ഉറപ്പാക്കണം'; ഫാദർ ഡേവിസ് ജോർജിൻ്റെ സഹോദരൻ
Published on

ജബൽപൂരിൽ മലയാളി വൈദികർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി ഫാദർ ഡേവിസ് ജോർജിന്റെ സഹോദരൻ ജോബി തേറാട്ടിൽ. സഹോദരനടക്കമുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നായിരുന്നു ജോബി തേറാട്ടിലിൻ്റെ ആവശ്യം. ഒരു തോക്കിന്റെ ഉണ്ട മതി ഒരാളുടെ ജീവിതം അവസാനിപ്പിക്കാൻ. സഹോദരൻ അടക്കമുള്ളവർക്ക് ഭീഷണിയുണ്ടെന്നും ജോബി തേറാട്ടിൽ പറഞ്ഞു.


ഫാദർ ഡേവിസിന് മുൻപും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ജോബി തേറാട്ടിൽ പറയുന്നു. ഡേവിസ് ജോർജിന് ചുമതലയുണ്ടായിരുന്ന പള്ളി മുൻപ് പൊളിച്ചുമാറ്റി. 40 കൊല്ലമായി ജബൽപൂരിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ആളാണ് സഹോദരൻ. മതേതര രാജ്യത്ത് ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉറപ്പുവരുത്തണമെന്നും ജോബി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ജബൽപൂരിൽ പൊലീസ് സ്റ്റേഷനിലും പൊലീസ് സാന്നിധ്യത്തിലും വൈദികർ ആക്രമിക്കപ്പെട്ടതിൻ്റെ വീഡിയോ പുറത്തുവരുന്നത്. ഷാഫി പറമ്പിൽ എംപി വിഷയം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചിരുന്നു. ജബൽപൂരിൽ മലയാളി വൈദികരായ ഫാദർ ഡേവിസ്, ഫാദർ ജോർജജ് എന്നിവരും മലയാളി തീർഥാടകരുമാണ് ഒരു പ്രകോപനവുമില്ലാതെ ആക്രമണത്തിന് വിധേയരാകേണ്ടി വന്നതെന്ന് എംപി ആരോപിച്ചു. ഇവർ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്.



ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മർദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും മലയാളി വൈദികരായ ഫാദർ ഡേവിസ് ജോർജും ഫാദർ ജോർജും പറഞ്ഞു. വിഎച്ച്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ നടത്തിയത് ​ഗുണ്ടായിസമാണെന്നും ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദികർ പറഞ്ഞു. പൊലീസ് സാന്നിധ്യത്തിലാണ് അതിക്രമം നടന്നത്. മർദിച്ചത് പുരോഹിതരാണെന്ന് അറിഞ്ഞ് തന്നെയെന്നും ഡേവിസ് ജോർജ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ജീവനിൽ ഭയമുള്ളതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ഫാദർ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com