
അമ്മയ്ക്ക് വരുമാനമുണ്ടെങ്കിലും പ്രായപൂർത്തിയാകാത്ത മക്കളെ പരിപാലിക്കാൻ പിതാവിന് നിയമപരവും ധാർമ്മികവുമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. പിതാവിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ജമ്മു കാശ്മീർ ഹൈക്കോടതിയുടെ ഉത്തരവ്.
വേർപിരിഞ്ഞ ദമ്പതികളുടെ മക്കൾക്ക് ജീവനാംശം നൽകാനുള്ള കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സർക്കാർ അധ്യാപികയായ ഭാര്യയ്ക്ക് കുട്ടികളെ പരിപാലിക്കാൻ ആവശ്യമായ വരുമാനമുണ്ടെന്നും, സ്വന്തമായി ജോലിയും വരുമാനവുമുള്ള കുട്ടികളുടെ അമ്മയുള്ളപ്പോൾ വരുമാനം കുറഞ്ഞ തന്റെ കയ്യിൽ നിന്നും ജീവനാംശം നൽകാൻ നിർദേശിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം.
തൻ്റെ മാസവരുമാനം 12,000 രൂപ മാത്രമാണ്, എന്നാൽ മക്കളുടെ ജീവനാംശമായി 13,500 രൂപ കോടതി വിധിച്ചുവെന്നും, രോഗിയായ മാതാപിതാക്കളെ തനിക്ക് സംരക്ഷിക്കേണ്ടതുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ നേരത്തെ വിദേശത്ത് ജോലി ചെയ്തിട്ടുള്ള എഞ്ചിനീയറാണ് ഹർജിക്കാരനെന്ന് ചൂണ്ടികാട്ടിയ കോടതി അമ്മയ്ക്ക് ജോലിയുണ്ടെന്ന പേരിൽ മക്കളുടെ ഉത്തരവാദിത്വത്തിൽ നിന്ന ഹർജിക്കാരന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് കാണിച്ച് ഹർജി തള്ളുകയും ചെയ്തു.