നിയമന ഉത്തരവിന് പകരം മെമ്മോ നൽകി; താമരശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റി‌നെതിരെ കട്ടിപ്പാറയിൽ ജീവനൊടുക്കിയ അധ്യാപികയുടെ അച്ഛൻ

അലീന മരിച്ച് 23 ദിവസങ്ങൾക്ക് ശേഷമാണ് നിയമനം സ്ഥിരപ്പെടുത്താനുള്ള പ്രാഥമിക അപേക്ഷ പോലും രൂപതാ മാനേജ്മെൻ്റ് നൽകിയതെന്നാണ് രേഖകളിൽ നിന്ന് മനസിലാകുന്നതെന്നും ബെന്നി പറയുന്നു
നിയമന ഉത്തരവിന് പകരം മെമ്മോ നൽകി; താമരശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റി‌നെതിരെ കട്ടിപ്പാറയിൽ ജീവനൊടുക്കിയ അധ്യാപികയുടെ അച്ഛൻ
Published on

താമരശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റ് വഞ്ചിച്ചുവെന്ന് വേതനം ലഭിക്കാതെ ജീവനൊടുക്കിയ യുവ അധ്യാപിക അലീനയുടെ അച്ഛൻ ബെന്നി. സ്ഥിരപ്പെടുത്താനുള്ള രേഖകൾ രൂപതാ മാനേജ്മെൻ്റ് വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിക്ക് സമർപ്പിച്ചത് മരണം നടന്ന് 23 ദിവസങ്ങൾക്ക് ശേഷം. നിയമന ഉത്തരവിന് പകരം മെമ്മോ നൽകി കബളിപ്പിച്ചുവെന്നും അലീനയുടെ അച്ഛൻ ബെന്നി വളവനാനിക്കൽ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

ഫെബ്രുവരി 19നാണ് കോഴിക്കോട് കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂളിലെ അധ്യാപികയായിരുന്ന അലീന ബെന്നി ജീവനൊടുക്കിയത്. താമരശേരി രൂപത മാനേജ്മെൻ്റിന് കീഴിലുള്ള വിവിധ സ്കൂളുകളിൽ ആറ് വർഷത്തിലധികം അലീന ജോലി ചെയ്തെങ്കിലും മരിക്കുന്ന നാൾ വരെ വേതനം ലഭിച്ചിരുന്നില്ല. അലീനയെ സ്ഥിരപ്പെടുത്തിയുള്ള ഉത്തരവ് കഴിഞ്ഞദിവസം മാനേജ്മെൻ്റ് അലീനയുടെ അച്ഛൻ കട്ടിപ്പാറ പഞ്ചായത്തിലെ വളവനാനിക്കൽ ബെന്നിക്ക് കൈമാറിയിരുന്നു. എന്നാൽ നിയമന വിഷയത്തിൽ മാനേജ്മെൻ്റിന് പിടിപ്പുകേടുണ്ടായി എന്നാണ് ബെന്നിയുടെ ആരോപണം.

അലീന മരിച്ച് 23 ദിവസങ്ങൾക്ക് ശേഷമാണ് നിയമനം സ്ഥിരപെടുത്താനുള്ള പ്രാഥമിക അപേക്ഷ പോലും രൂപതാ മാനേജ്മെൻ്റ് നൽകിയതെന്നാണ് രേഖകളിൽ നിന്ന് മനസിലാകുന്നതെന്നും ബെന്നി പറയുന്നു. തനിക്ക് കൈമാറിയത് നിയമന ഉത്തരവല്ല, മെമോയാണ്. സാങ്കേതികമായി നിലവിൽ ഇല്ലാത്ത തസ്തികയിലേക്കാണ് അലീനയെ പരിഗണിച്ചതെന്നും ബെന്നി പറയുന്നു.

എന്നാൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് രൂപതാ മാനേജ് മെൻ്റ്. സർക്കാരിൻ്റെ സാങ്കേതിക തടസ്സങ്ങളാണ് സ്ഥിരം നിയമനം വൈകിപ്പിച്ചതെന്ന് രൂപതാ മാനേജ്മെൻ്റും കത്തോലിക്ക കോൺഗ്രസും വിശദീകരിക്കുന്നു. എന്നാൽ അലീനയുടെ മരണത്തിൽ കുറ്റകരമായ നിലപാടാണ് രൂപത നേതൃത്വം കൈക്കൊണ്ടതെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ സെബാസ്റ്റ്യൻ പറഞ്ഞു. ഈ വിഷയത്തിൽ രൂപതക്കടക്കം പരാതി നൽകിയെങ്കിലും പരിഗണിച്ചില്ലെന്നും ബെബാസ്റ്റ്യൻ പറഞ്ഞു.

മാനേജ്മെൻ്റ് സാങ്കേതിക കാരണങ്ങൾ നിരത്തുമ്പോൾ ഇനി മറ്റാർക്കും തൻ്റെ മകളുടെ ഗതിയുണ്ടാകരുതെന്നാണ് ബെന്നിക്ക് പറയാനുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com