
തമിഴ്‌നാട് തിരുപ്പത്തൂരിലെ അമ്പൂരിൽ രണ്ട് ആൺകുട്ടികളെ പിതാവിൻ്റെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കടം കൊടുത്ത പണം തിരിച്ചു നൽകാത്തതാണ് കൊലപാതകത്തിന് കാരണം. പിതാവിൻ്റെ സുഹൃത്ത് എ. വസന്തകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വടിവേൽനഗർ പിള്ളയാർ കോവിൽ സ്ട്രീറ്റിലെ യോഗരാജ്–വിനിത ദമ്പതികളുടെ മക്കളായ നാല് വയസുകാരൻ വൈദർശും, ആറ് വയസുള്ള വൈയോഗിത്തുമാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ പിതാവ് യോഗരാജും വസന്തകുമാറും പ്രദേശത്തെ കൺസ്ട്രക്ഷൻ സൂപ്പർവൈസർമാരായിരുന്നു. ഏതാനും മാസം മുമ്പ് യോഗരാജ് 14,000 രൂപ വസന്തകുമാറിൽ നിന്നും കടം വാങ്ങി. ഇതിൽ പകുതി തുക മാത്രമാണ് തിരിച്ചു കൊടുത്തത്. പണം തിരികെ കിട്ടാത്തതിൽ ക്ഷുഭിതയായ വസന്തകുമാറിൻ്റെ ഭാര്യ വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയി.
ഭാര്യ പിണങ്ങിപ്പോയതോടെ മാനസിക വെല്ലുവിളി നേരിട്ട വസന്തകുമാർ സുഹൃത്തിനോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് വസന്തകുമാർ, യോഗരാജിൻ്റെ വീട്ടിലെത്തി. അയാളുടെ രണ്ട് കുട്ടികളെയും കൂട്ടി നാല് കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിലേക്ക് പോയി. അവിടെ വെച്ച് കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കുട്ടികളെ കാണാതായതോടെ യോഗരാജും ഭാര്യയും പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ക്ഷേത്രമുറ്റത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.