
സമീപകാലത്ത് നമ്മുടെ നാടിനെ നടുക്കിയ അരുംകൊലകള്‍ ചെയ്ത ചെറുപ്പക്കാരെ അത്തരമൊരു ഹീനകൃത്യം അറപ്പില്ലാതെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമയിലെ വയലന്‍സുകളാണ് എന്ന വിമര്‍ശനങ്ങള്‍ തള്ളി ഫെഫ്ക. വ്യക്തികള്‍ നേരിടുന്ന സാമൂഹിക സാഹചര്യമാണ് കുറ്റകൃത്യങ്ങള്‍ക്ക് കാരണം. കേരളത്തിലല്ല
മുമ്പെങ്ങും ഇല്ലാത്ത വിധം മാധ്യമ വിസ്‌ഫോടനത്തിന്റെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എങ്ങനെ ആത്മഹത്യ ചെയ്യണം എന്നറിയാന്‍, എങ്ങനെ പിഴവില്ലാതെ കൊലപാതകം നിര്‍വഹിക്കണം എന്നറിയാന്‍ ഗൂഗിളില്‍ പരതിയിട്ടുള്ളവരുടെ അനലിറ്റിക്‌സ് ഇപ്പോള്‍ ലഭ്യമാണ്. 10 പേരെ വെടിവെച്ച് കഴിഞ്ഞാല്‍ ഒരു തോക്ക് ഫ്രീ കിട്ടുന്നത് പോലുള്ള ഗെയിമുകള്‍ ഇന്ന് കുട്ടികള്‍ക്കിടയില്‍ എത്രയോ സുപരിചിതമാണ്. പില്‍ക്കാല മുതലാളിത്ത-കമ്പോള വ്യവസ്ഥയുടെ ഈ കാലത്ത് എവിടെ നിന്നുമുള്ള സാംസ്‌കാരിക കടന്നുകയറ്റവും സാധ്യമാണെന്നിരിക്കെ, അന്യസാംസ്‌കാരിക ഭൂമികകളില്‍ നിന്ന് വരുന്ന വെബ് സീരീസുകളും ഗെയിമുകളും സിനിമകളും വര്‍ധിക്കുന്ന സാഹചര്യമാണെന്നും ഫെഫ്ക പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നും വരുന്ന ഗെയിമുകളും സീരീസുകളും എത്രയോ നാളുകളായി നമ്മുടെ കുട്ടികളും മുതിര്‍ന്നവരും കണ്ടു കൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ വയലന്‍സുള്ളത് ഇവിടെ നിന്നും എത്തുന്ന സിനിമകളിലും സീരീസിലുമാണെന്നത് രഹസ്യമായ വിവരമല്ല. പക്ഷേ ക്രൈം റേറ്റ് ഏറ്റവും കുറവുള്ള രാജ്യം ജപ്പാന്‍ ആണെന്നതും ശ്രദ്ധേയമാണ്. അവരുടെ നിയമവ്യവസ്ഥയും, സാമൂഹ്യസുരക്ഷാ മാനദണ്ഡങ്ങളും, സോഷ്യല്‍ ഓഡിറ്റിങ്ങും അത്രമേല്‍ ഫലപ്രദമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഫെഫ്ക പറയുന്നു.
കുറ്റകൃത്യങ്ങള്‍ക്ക് പലപ്പോഴും കാരണമാവുന്നത് കേരളത്തിലെ ക്യാമ്പസുകളിലും, നിരത്തുകളിലും, ചില ഹോട്ടലുകളിലും, ബാറുകളിലും സുലഭമായി കിട്ടുന്ന സിന്തറ്റിക്ക് ലഹരിയാണെന്നാണ് പോലിസും, എക്‌സൈസും, മാധ്യമങ്ങളും പറയുന്നത്. ലഹരിയുടെ ഈ കുത്തൊഴുക്കിന് കാരണവും ഏതാനും സിനിമകളിലെ ലഹരിഉപയോഗത്തിന്റെ ദൃശ്യവത്ക്കരണമാണെന്നാണോ വാദം? മലയാളത്തിലെ ഏറ്റവും ജനസമ്മിതിയുള്ള നടനെക്കൊണ്ട് 'നര്‍ക്കോട്ടിക്‌സ് ഇസ് എ ഡെര്‍ട്ടി ബിസിനസ്' എന്ന് വന്‍ വിജയം നേടിയ രണ്ടു സിനിമകളില്‍ പറയിച്ചത് ഞങ്ങളുടെ സഹപ്രവര്‍ത്തകരായ എഴുത്തുകാരും സംവിധായകരുമാണെന്നും ഫെഫ്ക പറയുന്നു.
വയലന്‍സിനെ കേവലമായി ചരക്കുവത്ക്കരിക്കുന്ന, ആനന്ദത്തിന്റെ ഹേതുവും ഉപാധിയും അതു തന്നെയെന്ന രീതിയില്‍ വ്യവഹരിക്കുന്ന ആവിഷ്‌ക്കാരങ്ങള്‍ വിമര്‍ശന വിധേയമാക്കേണ്ടതു തന്നെയാണ്. അപ്പോഴും അത്തരം ആഖ്യാനങ്ങള്‍ക്ക് രസനീയത നല്‍കുന്ന ഒരു സാമൂഹിക-സംവേദന വ്യവസ്ഥ / അവസ്ഥ ഇവിടെ നിലനില്ക്കുന്നു എന്ന യഥാര്‍ത്ഥ്യം നമ്മള്‍ മറക്കരുത്. വയലന്‍സിന്റെ അത്തരം പ്രതിനിധാനങ്ങളെ ജാഗ്രതയോടെയും, സൂക്ഷ്മതയോടെയും സമീപിക്കുന്ന സംവാദ സന്നദ്ധത ഞങ്ങള്‍ക്കുണ്ട്. ജനാധിപത്യപരമായ അത്തരം സംവാദങ്ങള്‍ ഞങ്ങള്‍ ഇതിനകം തുടങ്ങിവെച്ചു കഴിഞ്ഞു എന്നും അറിയിക്കുന്നതായും ഫെഫ്ക കുറിപ്പിലൂടെ വ്യക്തമാക്കി.