മുഴുവന്‍ ആരോപണ വിധേയരുടെയും പേരുകള്‍ പുറത്തുവിടണം; അറസ്റ്റോ വ്യക്തമായ പരാമര്‍ശങ്ങളോ കണ്ടാല്‍ അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി: ഫെഫ്ക

അതിജീവിതര്‍ക്ക് പരാതി നല്‍കാനും നിയമ നടപടികള്‍ക്ക് സന്നദ്ധരാക്കാന്‍ സാധ്യമായ എല്ലാ സഹായങ്ങളും ഫെഫ്ക ഉറപ്പാക്കും
മുഴുവന്‍ ആരോപണ വിധേയരുടെയും പേരുകള്‍ പുറത്തുവിടണം; അറസ്റ്റോ വ്യക്തമായ പരാമര്‍ശങ്ങളോ കണ്ടാല്‍ അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി: ഫെഫ്ക
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുഴുവന്‍ ആരോപണ വിധേയരുടെയും പേരുകള്‍ പുറത്തുവിടണമെന്ന് ഫെഫ്കയുടെ പേരില്‍ വാർത്താകുറിപ്പ്. അംഗങ്ങളുടെ പേരില്‍ അറസ്റ്റോ വ്യക്തമായ പരാമര്‍ശങ്ങളോ കണ്ടെത്തലോ ഉണ്ടായാല്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നും ഫെഫ്ക പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലോഗോയോ സീലോ ഇല്ലാതെ അനൗദ്യോഗിക സ്വഭാവത്തിലുള്ള പ്രസ്താവനയാണ് ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റിക്ക് വേണ്ടി എന്ന പേരില്‍ ജനറല്‍ സെക്രട്ടറി പങ്കുവെച്ചിട്ടുള്ളത്.

അതിജീവിതര്‍ക്ക് പരാതി നല്‍കാനും നിയമ നടപടികള്‍ക്ക് സന്നദ്ധരാക്കാന്‍ സാധ്യമായ എല്ലാ സഹായങ്ങളും ഫെഫ്ക ഉറപ്പാക്കും. ഇതിനായി ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും. അതിജീവിതകൾക്കുള്ള ഭയാശങ്കകളെ അകറ്റാൻ വിദഗ്ദ്ധയായ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്‍റെ സേവനം ലഭ്യമാക്കുമെന്നും ഫെഫ്ക പ്രസ്താവനയില്‍ പറഞ്ഞു. നടീനടന്മാരുടെ സംഘടനയായ ‘AMMA’യുടെ എക്സിക്യൂട്ടിവ് കമ്മിറ്റി ഒന്നാകെ രാജിവെച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിൻ്റെ തുടക്കമാവട്ടെ എന്ന്
പ്രത്യാശിക്കുന്നുവെന്ന് ഫെഫ്ക വ്യക്തമാക്കി.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്‍റെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ നയരൂപീകരണ സമിതിയില്‍ പാടില്ല എന്നാണ് കത്തില്‍ പറയുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com