
ലോക്സഭയിൽ കഴിഞ്ഞ ദിവസം 110 മിനുട്ട് പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി എംപി. രണ്ട് പിരീഡ് മാത്‌സ് ക്ലാസിൽ ഇരുന്നത് പോലെ ബോറടിച്ചെന്നാണ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കളിയാക്കിയത്.
പ്രധാനമന്ത്രിയുടെ പ്രസംഗം തന്നെ ഒരുപാട് കാലം പുറകോട്ട് സഞ്ചരിപ്പിച്ചു. പണ്ട് രണ്ട് മാത്‌സ് ക്ലാസിൽ ഒരുമിച്ച് ഇരുന്നത് ഓർത്തുപോയി. പ്രധാനമന്ത്രി പുതിയതായി ഒന്നും തന്നെ പറഞ്ഞില്ല, എല്ലാവരെയും ബോറടിപ്പിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ജെ.പി. നദ്ദയും ബോറടിച്ച് കൈ ചൊറിഞ്ഞ് ഇരിക്കുകയായിരുന്നു. എന്നാൽ, പ്രധാനമന്ത്രി നോക്കിയപ്പോൾ, അദ്ദേഹം പ്രസംഗം ശ്രദ്ധിക്കുന്ന പോലെ അഭിനയിച്ചു. അമിത് ഷായും പിയൂഷ് ഗോയലും ഉറങ്ങാൻ പോകുന്നത് പോലെ തലയ്ക്ക് കൈവെച്ച് ഇരിക്കുകയായിരുന്നു. ഇതൊരു പുതിയ അനുഭവമായിരുന്നു. പ്രധാനമന്ത്രി പുതിയതെന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ 11 പ്രമേയങ്ങൾ പൊള്ളയാണെന്നും പ്രിയങ്ക ഗാന്ധി പരിഹസിച്ചു.
ലോക്‌സഭയിൽ കോൺഗ്രസിനെയും നെഹ്റു കുടുംബത്തിനെയും പ്രധാനമന്ത്രി കടന്നാക്രമിച്ചിരുന്നു. കോൺഗ്രസിൻ്റെ പാപമാണ് അടിയന്തരാവസ്ഥക്കാലമെന്നും ഇത് കഴുകി കളയാൻ കഴിയില്ലെന്നും മോദി പറഞ്ഞു. ഒരു സ്ത്രീക്ക് നൽകേണ്ട ഭരണഘടന സംരക്ഷണങ്ങൾ ഷാബാനു കേസിൽ, വോട്ട് ബാങ്കിന് വേണ്ടി രാജീവ് ഗാന്ധി അട്ടിമറിച്ചെന്നും മോദി ചൂണ്ടിക്കാട്ടി. നെഹ്‌റു കുടുംബത്തിനെ അക്കമിട്ട് അക്രമിച്ചായിരുന്നു ഭരണഘടനയിന്മേലുള്ള ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നൽകിയത്. നെഹ്‌റു മുതൽ രാഹുൽ ഗാന്ധി വരെ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ മോദി തുറന്നടിച്ചിരുന്നു.
ലോക്സഭയിൽ ആർഎസ്‍എസിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മനുസ്മൃതിയെയും സവർക്കറെയും മുൻനിർത്തിയാണ് വിമർശനങ്ങൾ ഉയർത്തിയത്. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞതെന്നും മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിൽ ഭരണഘടനയില്ല, പകരം മനുസ്മൃതിയാണെന്നും രാഹുൽ പരിഹസിച്ചു.