ഊതിപ്പെരുപ്പിച്ച കണക്കല്ല; പുറത്തുവിടുമ്പോള്‍ അലോസരപ്പെട്ടിട്ട് കാര്യമില്ല; കുഞ്ചാക്കോ ബോബന് മറുപടിയുമായി ഫിയോക്ക്

ഊതിപ്പെരുപ്പിച്ച കണക്കുകള്‍ കണ്ട് പലരും സിനിമ പിടിക്കാന്‍ വന്ന് കുഴിയില്‍ ചാടും. അത് ഒഴിവാക്കാന്‍ കൂടിയാണ് കണക്കുകള്‍ പുറത്തുവിടുന്നതെന്നും ഫിയോക്ക്
ഊതിപ്പെരുപ്പിച്ച കണക്കല്ല; പുറത്തുവിടുമ്പോള്‍ അലോസരപ്പെട്ടിട്ട് കാര്യമില്ല; കുഞ്ചാക്കോ ബോബന് മറുപടിയുമായി ഫിയോക്ക്
Published on



ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ കണക്ക് സംബന്ധിച്ച വിവാദത്തില്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സിനിമ കണക്കുകള്‍ പുറത്തുവിടുന്നതില്‍ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും ഊതിപ്പെരുപ്പിച്ച കണക്കുകള്‍ അല്ലെന്നും സത്യമായവയാണ് പുറത്തുവിടുന്നതെന്നും ഫിയോക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഊതിപ്പെരുപ്പിച്ച കണക്കുകള്‍ കണ്ട് പലരും സിനിമ പിടിക്കാന്‍ വന്ന് കുഴിയില്‍ ചാടും. അത് ഒഴിവാക്കാന്‍ കൂടിയാണ് കണക്കുകള്‍ പുറത്തുവിടുന്നതെന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. കുഞ്ചാക്കോ ബോബന് പരാജയപ്പെട്ട മുന്‍ സിനിമകളുടെ കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നു.

ഓഫീസറുടെ കാര്യത്തില്‍ മാത്രമാണ് വ്യക്തതയില്ലാത്തത്. കേരളത്തിലെ തിയേറ്റര്‍ ഷെയര്‍ മാത്രമാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തിയേറ്ററുകള്‍ക്ക് ആശ്വാസമായ പടമാണ്. മാന്യമായ പണംതിയേറ്ററുകള്‍ക്ക് പണം ലഭിച്ചുവെന്നും ഫിയോക്ക് പറഞ്ഞു.

കണക്ക് പുറത്തുവിടരുതെന്ന് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിട്ടില്ല. എമ്പുരാന്‍ തിയേറ്ററുകളുടെ എല്ലാ സാമ്പത്തിക ബാധ്യതയും തീര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രം വന്‍ വിജയമായി മാറും. ആന്റണിയുടെ പ്രതീക്ഷയ്ക്കപ്പുറത്ത് സിനിമ വിജയിക്കുമെന്നും ഫിയോക്ക് പറഞ്ഞു.

കഴിഞ്ഞ രണ്ടുമാസക്കാലമായി മലയാള സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കളുടെ സംഘടന പുറത്ത് വിടുന്നുണ്ട്. ഫെബ്രുവരി മാസത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കണക്കുവിവരങ്ങള്‍ ഉള്ളത്. ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന് 11 കോടി രൂപ വരവ് ലഭിച്ചുവെന്നാണ് നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ ദിവസം പത്രമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ചിത്രത്തിലെ നായകനായ കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തുകയായിരുന്നു. സിനിമയുടെ നിര്‍മാണ ചെലവ് 13 കോടിക്ക് മുകളില്‍ വരുമെന്നും, വരവ് കുറഞ്ഞ പക്ഷം 11 കോടിയുടെ ഇരട്ടിയാകും എന്നും നടന്‍ വ്യക്തമാക്കി. ഈ വിഷയം മാധ്യമങ്ങളിലൂടെ ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് നിര്‍മാതാക്കളുടെ സംഘടന ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടത്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com